കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അക്രമത്തിലൂടെ പ്രശ്‌നപരിഹാരം തേടരുത്

November 16, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Western Ghats-pbപശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതോടെ ഇന്നലെ കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ചുങ്കക്കുന്നിനുസമീപം സര്‍വേ്‌ക്കെത്തിയ അഞ്ചംഗകര്‍ണ്ണാടക സംഘത്തെ പ്രകോപിതരായ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇവരുടെ ജീപ്പ് തകര്‍ത്ത് തോട്ടിലേക്ക് മറിച്ചിട്ട് കത്തിക്കുകയും അഗ്നിശമനസേനയുടെ വാഹനം തടഞ്ഞ് കല്ലെറിയുകയും ചെയ്തു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ബസിനും തീവച്ചു. പിടിയിലായ അക്രമികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കണ്ണൂര്‍ കേളകം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു.

കൊട്ടിയൂരിനു പിന്നാലെയാണ് ഇന്നലെ കോഴിക്കോട് അക്രമം അരങ്ങു തകര്‍ത്തത്. ജില്ലയിലെ മലയോരമേഖലയില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് വ്യാകമായ അക്രമമുണ്ടായത്. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ക്യാമറകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. സര്‍ക്കാര്‍ ആഫീസുകള്‍ക്കും വാഹനങ്ങള്‍ക്കുനേരെ അക്രമമുണ്ടായി. താമരശേരിയില്‍ പോലീസ് ജീപ്പ് തടഞ്ഞു മറിച്ചിടുകയും കെഎസ്ആര്‍ടിസി ബസ് തകര്‍ക്കുകയും ചെയ്തു. ബസ് കാത്തുനിന്നവരെയും യാത്രക്കാരെയുമൊന്നും അക്രമികള്‍ വെറുതെ വിട്ടില്ല. മണിക്കൂറുകള്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ടും പോലീസ് രംഗത്തെത്തിയില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. കുടിയേറ്റ മേഖലയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവിഭാഗം എന്നതാണ് ഇതിനുകാരണം. ദൃശ്യമാധ്യമങ്ങളില്‍ അക്രമസംഭവങ്ങളെ സംബന്ധിച്ച് വാര്‍ത്തവരുകയും ജനങ്ങളില്‍ നിന്നു പ്രതിഷേധം ഉയരുകയും ചെയ്തപ്പോഴാണ് പിന്നീട് പോലീസ് രംഗത്തെത്തിയത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മലയോരമേഖലയിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്നും ഇപ്പോഴത്തേതുപോലെ കൃഷിതുടരാമെന്നും ഉറപ്പുനല്‍കി. കേന്ദ്രത്തിന്റെ ഉത്തരവ് അന്തിമമല്ലെന്നും അതില്‍ മാറ്റം വരാമെന്നും മറ്റൊരു ഉത്തരവ് വരുന്നതുവരെ മാത്രമേ അതിനു പ്രാബല്യമുള്ളൂ എന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ അക്രമത്തെ ശക്തമായി അപലപിക്കാന്‍ അദ്ദേഹം തയാറായില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഒഴുക്കന്‍മട്ടിലൂടെ അക്രമസംഭങ്ങളെ പരാമര്‍ശിച്ചുപോയതേയുള്ളൂ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ അക്രമത്തെ അപലപിക്കണമായിരുന്നു. അല്ലെങ്കില്‍ അതുനല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും. കേരളത്തിലെ ഇടതുപക്ഷവും ഈ വിഷയത്തില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംഘടിത ന്യൂനപക്ഷ വോട്ടുബാങ്കില്‍ കണ്ണുനട്ടുകൊണ്ടാണ് അവരും കരുക്കള്‍ നീക്കുന്നത്. അക്രമത്തിലൂടെ പ്രശ്‌നപരിഹാരം തേടുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല എന്നത് കേരളത്തിലെ ഇടതുവലതു മുന്നണികള്‍ ഓര്‍ക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍