മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൃഗക്ഷേമബോര്‍ഡ് പുന:സംഘടിപ്പിക്കും

November 16, 2013 കേരളം

തിരുവനന്തപുരം: മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൃഗക്ഷേമബോര്‍ഡ് പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നത് സംബന്ധിച്ച് രൂപീകരിച്ച സമിതിയുടെ മുഖ്യമന്ത്രിയുടെ സമ്മേളന ഹാളില്‍കൂടിയ പ്രഥമ യോഗത്തിലാണ് നിര്‍ദ്ദേശം. എല്ലാ ജില്ലകളിലും എസ്.പി.സി.എ. സമിതികളുടെ ഫ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ചുറ്റിക കൊണ്ട് മൃഗങ്ങളുടെ തലയ്ക്ക് അടിച്ച് ബോധംകെടുത്തുന്നത് നിരോധിച്ച് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കും. കോര്‍പ്പറേഷനുകളിലെ അറവുശാലകളില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും. ചുറ്റികയ്ക്ക് പകരം ക്യാപ്റ്റീവ് ബോള്‍ട്ട് പിസ്റ്റള്‍ ഉപയോഗിച്ച് മൃഗങ്ങളെ ബോധം കെടുത്തിയ ശേഷം അറുക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശിലനം നല്‍കാനും യോഗം തീരുമാനിച്ചു. തെരുവ് നായ്ക്കളെ പിടിച്ച് വന്ധീകരിക്കുന്നതിനും ദയാവധത്തിനും അനുവാദം നല്‍കി 2008 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്ത് നായ്ക്കളെ വധിക്കുന്ന കാര്യം യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. വന്ധീകരിക്കുന്നതിന് പകരം നായ്ക്കളെ കൊല്ലുന്നത് തടയാന്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ മന്ത്രി വി.എസ്. ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം