ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: അഞ്ചു പേര്‍ അറസ്റില്‍

November 17, 2013 കേരളം

അങ്കമാലി: ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ് ചെയ്തു. മൂക്കന്നൂര്‍ സ്വദേശികളായ ചക്യേത്ത് എബി (26), അത്തിക്കാപ്പിള്ളി ജിതിന്‍(23), ചിറ്റൂപറമ്പില്‍ ജിസ്മോന്‍(22), ആഴകം പേരാത്തുംകുടി ശരത്(24), അങ്കമാലി പാലിയേക്കര ചക്കിച്ചേരി അജിത്(25) എന്നിവരാണ് അറസ്റിലായത്. കേസില്‍ ഉള്‍പ്പെട്ട തൃപ്പൂണിത്തുറ ശിവമയ വീട്ടില്‍ ശ്യാമിനെ പിടികൂടാനുണ്ട്. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകള്‍ വഴി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതികള്‍ 70,43,164 രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്െടന്ന് ആലുവ ഡിവൈഎസ്പി വി.കെ. സനില്‍കുമാര്‍, അങ്കമാലി സിഐ വി. ബാബു എന്നിവര്‍ അറിയിച്ചു. കാക്കനാട് വാടകയ്ക്കു താമസിക്കുന്ന എബിയാണു കേസിലെ മുഖ്യപ്രതി. ബാങ്കിന്റെ സോഫ്റ്റ്വെയര്‍ സംവിധാനത്തിലെ ന്യൂനത മുതലാക്കിയാണു പ്രതികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കുന്നതില്‍ എബി വിദഗ്ധനാണ്. ഒരു വര്‍ഷം മുമ്പ് എബിയുടെ അക്കൌണ്ടില്‍നിന്നു 20,000 രൂപ മറ്റൊരു ബാങ്കിന്റെ അക്കൌണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തതാണു തുടക്കം. അന്ന് എബിയുടെ അക്കൌണ്ടിലെ പണം കുറയാതെതന്നെ മറ്റേയാള്‍ക്കു തുക ലഭിച്ചു. രാത്രിയില്‍ ഒരു നിശ്ചിത സമയത്തു പണം മറ്റു അക്കൌണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്താല്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നയാളുടെ അക്കൌണ്ടിലെ പണം കുറയാതെ തന്നെ മറ്റേ വ്യക്തിയുടെ അക്കൌണ്ടിലേക്കു പണം എത്തുമെന്ന് എബി കണ്ടെത്തി. തുടര്‍ന്നു സൃഹൃത്തുക്കളെ കൂട്ടുപിടിച്ചു തട്ടിപ്പ് തുടരുകയായിരുന്നു. കൂട്ടുകാരുടെ പേരില്‍ അക്കൌണ്ട് ആരംഭിച്ചതിനു ശേഷം പല അക്കൌണ്ടുകളില്‍നിന്നു തുക ട്രാന്‍സ്ഫര്‍ ചെയ്യിച്ചു പിന്‍വലിക്കുകയായിരുന്നു. അങ്കമാലിക്കു പുറമെ, പാലാരിവട്ടം, എന്‍പിഒഎല്‍, ഡീപോള്‍ അക്കാദമി, ചക്കരപറമ്പ്, തൃക്കാക്കര എന്നീ ബ്രാഞ്ചുകളില്‍നിന്നാണു പണം പിന്‍വലിച്ചിരിക്കുന്നത്. ബാങ്കിന്റെ മുംബൈ ഓഫീസിലെ ഓഡിറ്റിംഗിലാണു തട്ടിപ്പ് അറിവായത്. എസ്ബിഐ റീജണല്‍ മാനേജരുടെ പരാതിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റഡിയില്‍ വാങ്ങുമെന്നു സിഐ വി. ബാബു പറഞ്ഞു. അറസ്റിലായവരുടെ വീടുകളില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തി. അങ്കമാലി സിഐയുടെ നേതൃത്വത്തില്‍ അങ്കമാലി എസ്ഐ എന്‍.എ. അനൂപ്, ചെങ്ങമനാട് എസ്ഐ സി.പി. ഹാപ്പി, നോര്‍ത്ത് പറവൂര്‍ എസ്ഐ ശ്രീകുമാര്‍, നെടുമ്പാശേരി എസ്ഐ ജയപ്രസാദ്, വടക്കേക്കര എസ്ഐ അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം