കോട്ടയം ജില്ലയുടെ ഭൂവിഭവ വിവരസംവിധാനം നിലവില്‍ വന്നു

November 19, 2013 കേരളം

കോട്ടയം: കോട്ടയം ജില്ലയ്ക്കായി ഉപഗ്രഹ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും പ്രയോജനപ്പെടുത്തി സംസ്ഥാന ലാന്റ് യൂസ് ബോര്‍ഡ് തയ്യാറാക്കിയ ഭൂവിഭവ വിവര സംവിധാനം നിലവില്‍വന്നു. ഡി.സി. ബുക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമവികസന- ആസൂത്രണ-സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.

വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി മുന്നോട്ടുപോകുന്ന രാജ്യത്ത് ഭൂവിഭവ വിവരസംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല പദ്ധതികളുടെ വ്യക്തതയ്ക്ക് ഇത് പ്രയോജനപ്പെടും. ഭൂമിയുടെ വ്യത്യസ്ത ഘടന, ജലം, ജീവജാലം ഇവയെക്കുറിച്ചുള്ള ആധികാരിക രേഖ ആവശ്യമാണ്. ലാന്റ് യൂസ് ബോര്‍ഡ് ചെയ്തിരിക്കുന്നത് ഉപകാരപ്രദമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഭവ വിവരവുമായി ബന്ധപ്പെട്ട സര്‍വേ 14 ജില്ലകളിലും നടന്നുകഴിഞ്ഞു. എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളുടെ സമ്പൂര്‍ണ്ണ വിഭവവിജ്ഞാനം ഇന്റര്‍നെറ്റില്‍ ലഭിക്കും. ഈ സംവിധാനം നിലവില്‍വരുന്ന അഞ്ചാമത്തെ ജില്ലയാണ് കോട്ടയമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്തരം കാര്യങ്ങളിലൂടെ ജനനന്മയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ബാക്കി ജില്ലകളിലും ഈ വര്‍ഷംതന്നെ ഭൂവിഭവ വിവരസംവിധാനം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുരോഗതി കൈവരിക്കുന്ന രാജ്യം വിഭവശക്തിയെക്കുറിച്ച് അറിയണം. അതിലേക്കുള്ള ചുവടുവെപ്പാണിത്. ഭാവിയെക്കുറിച്ചും മണ്ണിനെക്കുറിച്ചും അറിയണം. രാജ്യത്തിന്റെ ആസൂത്രണം നടപ്പിലാക്കാന്‍ വിഭവവിവരങ്ങളുടെ കണക്കുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. പണ്ടുമുതല്‍ക്കേ ഈ ശ്രമം ഉണ്ടായിരുന്നു. ശാസ്ത്രീയമായ വിശകലനം തരംതിരിച്ച് നടന്നുവരികയാണെന്നും അത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭൂവിഭവ വിവരസംവിധാനം കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാറിനും പ്രകൃതി വിഭവ ഡാറ്റാബാങ്ക് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ആര്‍. മോഹനനും മന്ത്രി കെ.സി. ജോസഫ് കൈമാറി. ചീഫ് സോയില്‍ സര്‍വെ ഓഫീസര്‍ ഡോ. രമേശ്കുമാര്‍ പങ്കെടുത്തു. ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ പി. മേരിക്കുട്ടി സ്വാഗതവും സംസ്ഥാന ലാന്റ് യൂസ് ജോയിന്റ് ഡയറക്ടര്‍ എസ്. എഡിസണ്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ശില്‍പ്പശാലയില്‍ ലാന്‍ഡ് യൂസ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ എസ്.എഡിസണ്‍, ഐ.ഐ.ഐ.ടി.എം.കെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ടി. രാധാകൃഷ്ണന്‍, സോയില്‍ ആന്റ് ലാന്‍ഡ് സര്‍വേ ഓഫ് ഇന്ത്യയിലെ സോയില്‍ സര്‍വ്വേ ഓഫീസര്‍ ഡോ. ആര്‍.എല്‍. മീണ, സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. നിസ്സാമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം