സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അഭിനന്ദിച്ചു

November 19, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: രാഷ്ട്രം ഭാരത രത്‌നം നല്കി ആദരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറെയും, പ്രൊഫ. സി. എന്‍. ആര്‍. റാവുവിനേയും കേരള നിയമസഭക്കുവേണ്ടി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അഭിനന്ദിച്ചു. കായികരംഗത്ത് മറക്കാനാവാത്ത സേവനങ്ങള്‍ നല്‍കിയ സച്ചിനും, ശാസ്ത്രരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പ്രൊഫ. സി. എന്‍. ആര്‍. റാവുവും നമ്മുടെ അഭിമാനങ്ങളാണെന്ന് സ്പീക്കര്‍ പറഞ്ഞു.

നിയമസഭയുടെ ആദരവ് അറിയിക്കാന്‍ താന്‍ അടുത്തദിവസം മുംബൈയിലെത്തുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ കാണുമെന്ന് സ്പീക്കര്‍ അറിയിച്ചു. നിയമസഭയുടെ ആദരവ് ഏറ്റുവാങ്ങാന്‍, കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.പ്രൊഫ. സി. എന്‍. ആര്‍. റാവുവിനെയും സ്പീക്കര്‍ കേരളത്തിലേക്ക് ക്ഷണിച്ചു. നിയമസഭയില്‍ ശാസ്ത്ര വിഷയത്തില്‍ ഒരു പ്രഭാഷണം നടത്തണമെന്നും സ്പീക്കര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഭാരതത്തിന്റെ അഭിമാനവും ആവേശവുമായി മാറിയ രണ്ട് മഹാരഥന്‍മാരെ ആദരിക്കാനും, അവരുടെ വാക്കുകള്‍ കേള്‍ക്കാനും നമുക്ക് ഉടനെ അവസരമുണ്ടാവുമെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍