പരിസ്ഥതിയെ ബാധിക്കാത്ത ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തും – മുഖ്യമന്ത്രി

November 21, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഊര്‍ജ്ജോല്‍പാദനത്തിനായി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനര്‍ട്ടിന്റെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ആവശ്യത്തിനുള്ള വൈദ്യുതി മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കാന്‍ സൗര്‍രോര്‍ജ്ജ, ചെറുകിട ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനര്‍ട്ടിന്റെ ആസ്ഥാന മന്ദിരം ഗ്രീന്‍ ബില്‍ഡിംഗാക്കി മാറ്റുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ സോളാര്‍ പാനല്‍ വച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. ഇത് വഴി മാത്രമേ ബോര്‍ഡ് വഴി ലഭിക്കുന്ന വൈദ്യുത ഉപഭോഗം കുറക്കാനാകൂ. ഒരോ വീട്ടിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനായാല്‍ അത് കേരളത്തിന്റെ വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുഴല്‍മന്ദം സോളാര്‍ പവര്‍ പ്ലാന്റിന്റെ ഡി പി ആര്‍ മുഖ്യമന്ത്രി കെ മുരളീധരന്‍ എം എല്‍ എ യ്ക്ക് കൈമാറി. സോളാര്‍ ഹൈമാസ്റ്റ് തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ മന്ത്രി ആര്യാടന്‍മുഹമ്മദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡി. ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ സ്വാഗതവും, അനര്‍ട്ട് ടെക്‌നിക്കല്‍ ഡയറക്ടര്‍ പി വല്‍സരാജ് നന്ദിയും പറഞ്ഞു. അനര്‍ട്ട് ഡയറക്ടര്‍ എം ജയരാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍