കോഴിക്കോട് മെഡിക്കല്‍ കോളേജ് : മാലിന്യ സംസ്‌കരണ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം- മുഖ്യമന്ത്രി

November 21, 2013 കേരളം

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായി ഒമ്പതു വര്‍ഷത്തോളമായെങ്കിലും പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ പ്രവര്‍ത്തനമാരംഭിക്കാനായിട്ടില്ല. 7,800 മീറ്റര്‍ പൈപ്പ്‌ലൈന്‍ ആണ് ആവശ്യം. ഇതില്‍ 5,500 മീറ്റര്‍ സ്ഥാപിച്ചു. അവശേഷിക്കുന്നത് ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത സാങ്കേതികമായി വിലയിരുത്തി ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രി ഡോ.എം.കെ.മുനീര്‍, എം.കെ.രാഘവന്‍ എം.പി, ഡി.എം.ഇ. ഡോ.ഗീത, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം