സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കു നാളെ തുടക്കമാകും

November 22, 2013 കായികം

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കു നാളെ  (നവംബര്‍ 23) തുടക്കമാകും. മഹാരാജാസ് കോളജ് ഗ്രൌണ്ടിലാണു മത്സരങ്ങള്‍നടക്കുക. ശനിയാഴ്ച വൈകുന്നേരം 3.30നു മന്ത്രി കെ. ബാബു ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയാകും. മേളയുടെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം കൊച്ചിയിലെത്തി.

1,357 ആണ്‍കുട്ടികളും 1,238 പെണ്‍കുട്ടികളും ഉള്‍പ്പെടെ 2,595 താരങ്ങളാണു പങ്കെടുക്കുന്നത്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ഇനങ്ങളിലായി 95 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 750 രൂപ, 625 രൂപ, 500 രൂപ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. വ്യക്തിഗത ചാമ്പ്യന്‍ഷിപ് നേടുന്നവര്‍ക്കു രണ്ടു ഗ്രാമിന്റെ സ്വര്‍ണമെഡലും സംസ്ഥാന റിക്കാര്‍ഡുകള്‍ക്ക് 2,000 രൂപയും ദേശീയ റിക്കാര്‍ഡുകള്‍ക്ക് 5,000 രൂപയും നല്‍കും. ചാമ്പ്യന്‍ഷിപ് നേടുന്ന സ്കൂളിനു 1.1 ലക്ഷം രൂപയാണു പാരിതോഷികം.

രണ്ടാം സ്ഥാനത്തിന് 82,500 രൂപയും മൂന്നാം സ്ഥാനത്തിനു 5,500 രൂപയും നല്‍കും. കൂടാതെ വിജയികള്‍ക്ക് എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകളില്‍ ഗ്രെയ്സ് മാര്‍ക്കുമുണ്ടായിരിക്കും. കായികതാരങ്ങളെയും ഒഫിഷ്യല്‍സിനെയും ഇന്‍ഷ്വര്‍ ചെയ്യും. വിജയികള്‍ക്കു ജനുവരി എട്ടു മുതല്‍ റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാം. കായികതാരങ്ങളുടെ രജിസ്ട്രേഷന്‍ എസ്ആര്‍വി സ്കൂളില്‍ നടന്നുവരുന്നു.

മത്സരഫലങ്ങള്‍ തല്‍സമയം ഓണ്‍ലൈനായി ലഭിക്കും. വിജയികളെ കൃത്യമായി നിര്‍ണയിക്കുന്നതിനായി ഫോട്ടോഫിനിഷ് സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം