കേരളം, സര്‍വ്വേ പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

November 22, 2013 കേരളം

തിരുവനന്തപുരം: ആധുനിക രീതിയില്‍ സര്‍വ്വേയില്‍ സര്‍ക്കാര്‍തല പരിശീലനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന സ്ഥാനം കേരളത്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വ്വേ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായരുന്നു അദ്ദേഹം. ചടങ്ങില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍വ്വേ ജീവനക്കാര്‍ക്ക് നല്‍കുന്ന പരിശീലനമാണ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് സര്‍വ്വേ വകുപ്പ് തുടങ്ങുന്നത്. ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഭരണരംഗത്ത് കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കും. ഭരണരംഗത്ത് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇതുതന്നെ. എല്ലാ വകുപ്പുകളിലും വേണ്ടുന്നതും വേഗതയും കാര്യക്ഷമതയുമാണ്. ജി.പി.എസ്., ഇ.ടി.എസ്. എന്നിവ ഉപയോഗിച്ച് ലഭിക്കുന്ന പരിശീലനം യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ഉപകരണങ്ങള്‍ വാങ്ങി സര്‍വ്വേ പരിശീലനം നല്‍കാന്‍ 25 കോടി ചെലവഴിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. യുവാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് രണ്ട് മാസത്തെ പരിശീലനമാണ് സര്‍വ്വേ കേന്ദ്രത്തില്‍ നല്‍കുക. വിദേശത്തുള്‍പ്പെടെ തൊഴില്‍ ലഭിക്കാന്‍ പരിശീലനം വഴി സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

കെ.മുരളീധരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ആശാ തോമസ് സ്വാഗതവും സര്‍വ്വേ ഡയറക്ടര്‍ എം.ജി.രാജമാണിക്യം നന്ദിയും പറയും. ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ്, ലാന്റ് റവന്യൂ കമ്മീഷണര്‍ എം.സി.മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം