സ്കൂള്‍ കായികമേള: പാലക്കാട് മുന്നില്‍

November 23, 2013 കായികം

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനത്തില്‍ പാലക്കാട് മുന്നില്‍. ആറു സ്വര്‍ണം മൂന്നു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 44 പോയിന്റുമായി പാലക്കാട് ഒന്നാമതും മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ടു വെങ്കലവുമുള്‍പ്പെടെ 33 പോയിന്റുമായി ആതിഥേയരായ എറണാകുളം രണ്ടാമതും രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. പതിനെട്ട് ഇനങ്ങളിലെ ഫൈനലുകള്‍ പൂര്‍ത്തിയായി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ താരം പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ.ആര്‍. ആതിരയും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ കെ.എസ്. അനന്തുവും ദേശീയ റെക്കോഡ് തിരുത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി. അഞ്ജലി മീറ്റ് റെക്കോഡ് തിരുത്തി.

ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഒന്നാമതെത്തിയ മുണ്ടൂര്‍ സ്‌കൂളിലെ പി.ആര്‍. രാഹുലന്റെ വകയായിരുന്നു മീറ്റിലെ ആദ്യസ്വര്‍ണം. 15:28.6 സെക്കന്‍ഡിലാണ് രാഹുല്‍ ഫിനിഷ് ചെയ്തത്. പാലക്കാട് പറളി സ്‌കൂളിലെ ജെ.സതീഷ് വെള്ളി നേടി. തിരുവനന്തപുരം സായിയിലെ ഷിജോ രാജനാണ് വെങ്കലം.  സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഇടുക്കി ഇരട്ടയാര്‍ സ്‌കൂളിലെ ഗീതു മോഹനന്‍ പി.യു. ചിത്രയ്ക്ക് പിറകില്‍ വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ കെ.കെ.വിദ്യ വെങ്കലവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജ് സ്വര്‍ണം നേടി (09:02.70 സെ) പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ എന്‍ .കെ.കിഷോര്‍ വെള്ളിയും പാലക്കാട് പറളി സ്‌കൂള്യിലെ പി.എം. സഞ്ജയ് വെങ്കലവും നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം