ദേശീയപാത സ്ഥലംഏറ്റെടുക്കല്‍: രൂപരേഖയില്‍ വിട്ടുവീഴ്ചയില്ലെന്ന് ദേശീയപാതാ അഥോറിറ്റി

November 25, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകള്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കലിന്റെ രൂപരേഖയില്‍ വിട്ടുവീഴ്ചയില്ലെന്നു ദേശീയപാതാ അഥോറിറ്റി സംസ്ഥാനത്തെ അറിയിച്ചു. ഇതോടെ നിലവില്‍ ഏറ്റെടുത്ത 30 മീറ്റര്‍ വീതി കൂടാതെ ബാക്കി സ്ഥലം തുല്യ അളവില്‍ റോഡിന്റെ ഇരുഭാഗത്തുനിന്നും ഏറ്റെടുക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനമാണു നടപ്പാക്കാന്‍ കഴിയാതായത്.

ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒട്ടേറെ അപാകതകള്‍ ഉണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന നിലപാട് എന്‍എച്ച് അഥോറിറ്റി സ്വീകരിച്ചത്. ദേശീയപാതയോരത്തെ ആരാധനാലയങ്ങളും വീടുകളും പരമാവധി സംരക്ഷിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണു തള്ളിയത്.

വന്‍കിട വ്യവസായികളില്‍ നിന്നു പണം വാങ്ങിയാണു വിരമിച്ച ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നേരത്തേ ദേശീയപാതയുടെ രൂപരേഖ തയാറാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചില വന്‍കിടക്കാര്‍ക്കായി ദേശീയപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇതില്‍ മാറ്റം വരുത്തി, ഇരുഭാഗത്തുനിന്നും തുല്യ അളവില്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിയാണു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതാണ് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്നു ദേശീയ അഥോറിറ്റി അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം