രാജ്യത്തെ പോലീസ് സമ്പ്രദായത്തിനു മാറ്റമുണ്ടാകണമെന്ന് രാഷ്ട്രപതി

November 25, 2013 ദേശീയം

pranab-mukherjee1ന്യൂഡല്‍ഹി: ഇന്ത്യയിലെ പോലീസ് സമ്പ്രദായത്തിനു മാറ്റമുണ്ടാകണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഒരു പുതിയ ജനാധിപത്യരാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പെരുമാറുന്ന വിധത്തില്‍ പോലീസ് മാറേണ്ടിയിരിക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിഭവനില്‍ ഡിഐജിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണജനങ്ങളുടെ പ്രയാസങ്ങളാണ് പോലീസ് തിരിച്ചറിയേണ്ടത്. രാജ്യത്തിന്റെ വികസനവും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്ന തരത്തില്‍ സുരക്ഷിതവും സമാധാനപരവുമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ പോലീസ് സേന സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ചില സാഹചര്യങ്ങളില്‍ രാജ്യത്തെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളിലും പോലീസിന് വിശ്വാസ്യത ഉണ്ടാകാത്തതില്‍ രാഷ്ട്രപതി നിരാശ പ്രകടിപ്പിച്ചു.

പോലീസ് മേധാവികള്‍ തങ്ങളുടെ പ്രവൃത്തികളിലൂടെ സേനയ്ക്ക് നായകത്വം വഹിക്കണം. സാമൂഹികമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലീസിനുള്ളിലെയും പുറത്തെയും ആശയവിനിമയം മികച്ചതായിരിക്കണം. അതേസമയം സേനയിലെ താഴേക്കിടയില്‍വരെയുള്ളവരുമായും നല്ല ബന്ധമുണ്ടായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം