പമ്പാ ജലം ശുദ്ധീകരിക്കാന്‍ സംവിധാനമുണ്ടാകണം : നിയമസഭാ സമിതി

November 26, 2013 കേരളം

പത്തനംതിട്ട: ശബരിമലയിലെ പാരിസ്ഥിതിക, മലിനീകരണ പ്രശനങ്ങള്‍ നേരിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും ഇതിന് ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുക്കണമെന്നും നിയമസഭാ പരിസ്ഥിതി സമിതി നിര്‍ദ്ദേശിച്ചു. 28 വര്‍ഷം മുമ്പില്‍ കണ്ടുള്ള പദ്ധതി തയ്യാറാക്കി നടപ്പാക്കണം. പമ്പാ നദീജലം ശുദ്ധീകരിച്ച് വിടുന്നതിന് സംവിധാനമുണ്ടാകണം.

നദിയിലെ മാലിന്യം വേമ്പനാട്ടു കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലും എത്തുന്നത് തടയാന്‍ ശാസ്ത്രീയ പഠനം നടത്തി പരിഹാരമാര്‍ഗ്ഗം കാണണം. സി.പി മുഹമ്മദ് ചെയര്‍മാനും, മുല്ലക്കര രത്നാകരന്‍, എ.എം.ആരിഫ് എന്നിവര്‍ അംഗങ്ങളുമായ സമിതി പമ്പയിലെയും, ശബരിമലയിലെയും പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങളിന്‍മേല്‍ പമ്പ ദേവസ്വം ഗസ്റ് ഹൌസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. ഭക്തജന സമൂഹത്തിന് ആദരവ് ഉളവാക്കുന്ന ശാസ്ത്രീയ സമീപം സ്വീകരിയ്ക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരില്‍ 30 ശതമാനം പേര്‍ക്കേ കക്കൂസ് സൗകര്യങ്ങള്‍ ലഭ്യമാകുന്നുള്ളൂവെന്ന് വിലയിരുത്തിയ സമിതി ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തര്‍ക്ക് ഭക്ഷണവും കക്കൂസ് സൗകര്യങ്ങളും ഉറപ്പാക്കണം. പ്ലാസ്റ്റ്ക്കിനെക്കാള്‍ മാരകമായ ഫ്ളെക്സ് വന പ്രദേശത്ത് ഒഴിവാക്കണം. വാഹനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കാന്‍ സംവിധാമുണ്ടാക്കണം. തീര്‍ത്ഥാടകര്‍ പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ഗ്രീന്‍ വോളണ്ടിയര്‍മാരെ നിയോഗിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.പമ്പയിലേയും സന്നിധാനത്തേയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമിതി നേരില്‍ കണ്ടു വിലയിരുത്തി. മാലിന്യ നിര്‍മ്മാര്‍ജത്തിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഉതകുന്ന ശക്തമായ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം