ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

November 26, 2013 കേരളം

കോട്ടയം: ജനങ്ങളുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ജന സമ്പര്‍ക്കത്തിന്റെ ലക്ഷ്യമെന്നും പരിപാടിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജില്ലയിലെ രണ്ടാം ഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്ക പരിപാടികളില്‍ പ്രശ്‌നപരിഹാരത്തിനുള്ള പുതിയ നിര്‍ദേശങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. ഇവ പരിഗണിച്ച് ആവശ്യമെങ്കില്‍ ജനക്ഷേമകരമായ ഉത്തരവുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടി നടക്കുന്നിടത്ത് തന്നെ അവസാനിക്കുന്നതല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ തുടക്കം കുറിക്കലാണത്. കൂട്ടായ പരിശ്രമമാണ് പരിപാടിയുടെ വിജയത്തിനു കാരണം. സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയെന്ന് തോന്നുന്നതും ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കേണ്ടതുമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ളവരാണ് ഉദ്യോഗസ്ഥര്‍. അവര്‍ക്ക് നിബന്ധനകള്‍ക്കുള്ളില്‍ നിന്നേ പ്രവര്‍ത്തിക്കാനാവുകയുള്ളു. എന്നാല്‍ ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ പലപ്പോഴും അത് സാദ്ധ്യമാകുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഉദേ്യാഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് ചട്ടങ്ങളും നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ചട്ടങ്ങളിലുള്‍പ്പെടെ ജനക്ഷേമകരമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നത് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം പുറപ്പെടുവിച്ച 45 സര്‍ക്കാര്‍ ഉത്തരവുകള്‍ ഗവണ്‍മെന്റിന് ജനങ്ങളോടുള്ള കരുതലിനുള്ള വ്യക്തമായ ഉദാഹരണമാണ്. ഈ ഉത്തരവുകള്‍ ‘ജനപക്ഷചുവടുകള്‍’ എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എട്ടു ജില്ലകളില്‍ ഇതിനകം ലക്ഷക്കണക്കിനാളുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയ ജനസമ്പര്‍ക്ക പരിപാടി കോട്ടയത്തും അനേകര്‍ക്ക് പ്രയോജനപ്രദമാകുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ജനമധ്യത്തിലെത്തി അവരുടെ ആവശ്യങ്ങളറിഞ്ഞ് സാധിച്ചുകൊടുക്കുകയും അതിന് അനുസൃതമായി നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന ജനകീയ പ്രക്രിയയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി ആമുഖ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിനെ ജനങ്ങളിലെത്തിക്കുന്നതിനുമുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഗ്രാമവികസന-പിആര്‍ഡി മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ലോകശ്രദ്ധയാകര്‍ഷിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകകയും അവയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുകയും ചെയ്യുന്നത് പരിപാടിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും സഹായിക്കുന്ന ഭരണവും അതിനുതകുന്ന നിയമങ്ങളുമുണ്ടെന്ന തിരിച്ചറിവാണ് ജനങ്ങളെ ജസമ്പര്‍ക്ക പരിപാടിയിലേക്ക് ഒഴുകിയെത്താന്‍ പ്രേരിപ്പിക്കുതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജും പറഞ്ഞു.

എം.പിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സ മാത്യൂസ്, കളക്ടര്‍ അജിത്കുമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം