കാഞ്ചി ശങ്കരരാമന്‍ വധക്കേസ്: കാഞ്ചി മഠാധിപതി ഉള്‍പ്പടെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

November 27, 2013 പ്രധാന വാര്‍ത്തകള്‍

kanchi-kamakodiചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ ഒന്നാം പ്രതി കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി രണ്ടാം പ്രതി ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതി എന്നിവരടക്കമുള്ള 23 പ്രതികളെയും പുതുച്ചേരി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെറുതേ വിട്ടു.

പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ്‌ പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി വിധി പറഞ്ഞത്. 2004 സെപ്റ്റംബര്‍ മൂന്നിനാണു കാഞ്ചീപുരം വരദരാജപെരുമാള്‍ ക്ഷേത്രം മാനേജര്‍ ശങ്കരരാമന്‍ ക്ഷേത്രപരിസരത്ത്‌ കൊല്ലപ്പെട്ടത്‌. തുടര്‍ന്ന്‌ ആന്ധ്രാപ്രദേശില്‍ നിന്നു ജയേന്ദ്ര സരസ്വതിയെ അറസ്റ്റ്‌ ചെയ്തു.

ജയേന്ദ്ര സരസ്വതി മഠാധിപതിയായശേഷം മഠത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച ശങ്കരരാമനെ കൊല്ലാന്‍ ജയേന്ദ്ര സരസ്വതി വാടകക്കൊലയാളികളെ നിയോഗിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. തമിഴ്‌നാട്ടില്‍ നടക്കുന്ന വിചാരണയില്‍ നീതി ലഭിക്കില്ലെന്നു കാണിച്ചു ജയേന്ദ്ര സരസ്വതി നല്‍കിയ ഹര്‍ജി പരിഗണിച്ചു സുപ്രീം കോടതി കേസ്‌ പുതുച്ചേരി സെഷന്‍സ്‌ കോടതിയിലേക്കു മാറ്റുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടു പേര്‍ നല്‍കിയ മൊഴികളാണ് ഇവര്‍ക്കെതിരായ പ്രധാന തെളിവുകള്‍. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2004 നവംബറില്‍ അറസ്റ്റിലായ പ്രതികള്‍ ഡിസംബറ്ല്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പണം നല്‍കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ കോടതികളില്‍ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന ജയേന്ദ്ര സരസ്വതിയുടെ ഹര്‍ജിയെ തുടര്‍ന്ന് 2005ല്‍ സുപ്രീംകോടതി കേസ് ചെങ്കല്‍പേട്ട് കോടതിയില്‍ നിന്നും പുതുച്ചേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ മൊത്തം 24 പ്രതികളാണുള്ളത്. ഇതില്‍ ആറാം പ്രതി കതിരവന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ടിരുന്നു. 2009 മുതല്‍ മൂന്ന് വര്‍ഷം നീണ്ട വിചാരണക്കാലയളവില്‍ 189 സാക്ഷികളെ കോടതി വിസ്തരിച്ചു. 81 സാക്ഷികള്‍ ഇതിനോടകം കൂറുമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍