ലക്ഷ്മണോപദേശം: സാത്വിക ത്യാഗം

November 28, 2013 സനാതനം

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

Rama-Sita-slider2സാത്വിക ത്യാഗം
രാമന്റെ സിംഹാസനത്യാഗം സാത്വികമാണ് അതില്‍ സ്വാര്‍ത്ഥതയുടെ വിദൂരമായ സ്പര്‍ശം പോലുമില്ല. പ്രകടനപരതയുമില്ല. മാലോകരെ ഭയന്ന് മനസ്സിനുള്ളില്‍ ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തി പുറംമേനി നടിച്ച് സത്യവാദികളായി ചമയുന്നവരുണ്ട്. ഉള്ളിലാളുന്ന ഭോഗതൃഷ്ണയെ ത്യാഗത്തിന്റെ മുഖംമൂടികൊണ്ടു മിനുക്കിക്കാട്ടുവാന്‍ വെമ്പുന്ന അക്കൂട്ടര്‍ക്കു ത്യാഗവുമില്ല ഭോഗവുമില്ല എന്നതാണു സത്യം. ഈ നപുംസകത്വത്തേക്കാള്‍ വലുതായ പാതകമില്ല. രാമന്‍ ഇക്കൂട്ടത്തില്‍ പെടുന്നില്ല. അദ്ദേഹം സിംഹാസനമുപേക്ഷിച്ചത് നിറഞ്ഞ മനസ്സോടെയായിരുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണ് ഈ സന്ദര്‍ഭം. സിംഹാസനലബ്ധിയില്‍ തെല്ലെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അല്പനേരത്തേക്കു രാമന്‍ നിശ്ശബ്ദത പാലിച്ചാല്‍ മതിയായിരുന്നു. ലക്ഷ്മണന്‍ കാര്യങ്ങളെല്ലാം മംഗളമായി നടത്തിയേനെ. എതിരുപറയാന്‍ അയോദ്ധ്യയില്‍ ആരും തയ്യാറാവുകയുമില്ല. എതിര്‍ത്താല്‍ ലക്ഷ്മണനോടു ഫലിക്കുകയുമില്ല. പോരാത്തതിനു കൈകേയിയും മന്ഥരയുമൊഴിച്ച് മറ്റെല്ലാപേരും ലക്ഷ്മണനുപിന്നില്‍ അണിനിരക്കുകയും ചെയ്യും. അയോദ്ധ്യയുടെ തെരുവുവീഥികളെ ഇളക്കിമറിക്കുന്ന ഉത്സവാരവം കൊട്ടാരത്തിന്റെ അകത്തളങ്ങളെപ്പോലും പ്രകമ്പനംകൊള്ളിക്കുന്നത് രാമന് അപ്പോഴും കേള്‍ക്കാം. ക്ഷത്രിയധര്‍മ്മം പുരസ്‌കരിച്ചു കൈകേയിയെ എതിര്‍ത്തുകൊണ്ട് ലക്ഷ്മണന്‍ രാമനെ സിംഹാസനത്തിലിരുത്തിയാല്‍ ആ കര്‍മ്മത്തില്‍ പുരവാസികളെല്ലാം സഹകരിച്ചാല്‍, ആര്‍ക്കു രാമനില്‍ കുറ്റം ചാരാനാകും? രാജാവും രാജകുമാരനും ജനഹിതമനുസരിക്കേണ്ടവരാണെന്ന ആര്‍ഷനിയമം നിലവിലിരിക്കെ വേറൊരു ന്യായീകരണം കണ്ടെത്താന്‍ രാമനു തെല്ലും മിനക്കെടേണ്ടതില്ല. ഇതെല്ലാമറിഞ്ഞുവച്ചുകൊണ്ടു സിംഹാസനം വലിച്ചെറിഞ്ഞിടത്താണ് രാമന്റെ മഹത്വം കുടികൊള്ളുന്നത്. രാമന്റെ ത്യാഗം സാത്വികമാകുന്നതും അതുകൊണ്ടാണ്.

സാന്ത്വനതന്ത്രം
ലക്ഷ്മണന്റെ കോപവും പടപ്പുറപ്പാടും രോചകമായിത്തോന്നിയില്ലെങ്കിലും രാമന്‍ ലക്ഷ്മണനെ പ്രകടമായി എതിര്‍ത്തില്ല. ശകാരിച്ചുമില്ല. പകരം വശ്യമായ പുഞ്ചിരിയും ആലിംഗനവും അഭിനന്ദനവും കൊണ്ട് ആ അഗ്നിപര്‍വതസമാനനെ അനായാസേന മഞ്ഞുകട്ടപോലെ തണുപ്പിച്ചുകളഞ്ഞു. അനുസരണയുള്ള ഒരു മാന്‍കിടാവിനെപ്പോലെ ലക്ഷ്മണന്‍ രാമന്റെ കയ്യില്‍ ഒതുങ്ങുന്നതാണ് തുടര്‍ന്നു നാം കാണുന്നത്. ജീവതത്ത്വം ഉപദേശിക്കാനും പഠിക്കാനുമുള്ള അവസരം അങ്ങനെ ഒരുങ്ങുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം