ദേശീയ ഗയിംസിന് കേരളം തയ്യാര്‍ – മുഖ്യമന്ത്രി

November 27, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിന് കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയിംസിന്റെ തീയതി സംബന്ധിച്ച് ഒളിംപിക് അസോസിയേഷനുമായി തീരുമാനത്തിലെത്തണം. ഏഴ് ജില്ലകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജി.വി.രാജാ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

നിലവിലെ സാഹചര്യത്തില്‍ കായികരംഗത്ത് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ വേണം. കായിക രംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഗുണം കാണുന്നുണ്ട്. അവാര്‍ഡ് ജേതാക്കളായ വി.ഡിജു, ടിന്റു ലൂക്ക എന്നിവര്‍ കേരളത്തിന്റെ അഭിമാനമാണ്. ദേശീയതലത്തില്‍ ശ്രദ്ധ നേടിയ കായിക താരമാണ് ടോം ജോസഫ്. കഴിവുകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പ്രത്യേകം പുരസ്‌കാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച പരിശീലകര്‍, മികച്ച നേട്ടം കൈവരിച്ച സ്‌കൂള്‍, കോളേജ് എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍, സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍ അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു.

അന്തരിച്ച കായികതാരങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഉബൈദുള്ള എം.എല്‍.എ., സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുള്‍ റസാഖ്, പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍