പൊതുജനസേവനരംഗത്തെ മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

November 27, 2013 കേരളം

തിരുവനന്തപുരം: പൊതുജനസേവനരംഗത്ത് നൂതനാശയ ആവിഷ്‌കാരത്തിനുള്ള (ഇന്നവേഷന്‍) മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ (2012) പ്രഖ്യാപിച്ചു. ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ് വിഭാഗത്തില്‍ വനംവകുപ്പിന്റെ വനം വികസന ഏജന്‍സിയും പബ്ലിക് സര്‍വ്വീസ് ഡെലിവറിയില്‍ പാലക്കാട്ടെ ജില്ലാ വനിതാ പോലീസ് സെല്ലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും പ്രൊസിഡ്യൂറല്‍ ഇന്റര്‍വെന്‍ഷന്‍സിന് കാസര്‍ഗോട് ജില്ലാഭരണകൂടവും അവാര്‍ഡിന് അര്‍ഹരായി.

പേഴ്‌സണല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ ഇക്കുറി അവാര്‍ഡ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടില്ല. അഞ്ച് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശംസാപത്രവുമാണ് അവാര്‍ഡ്. അവാര്‍ഡിനര്‍ഹമായ സംരംഭത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവും തുക വിനിയോഗിക്കപ്പെടുക. പറമ്പിക്കുളം കടുവാസങ്കേതത്തില്‍, ജനങ്ങളെ ഒഴിവാക്കാതെ നടത്തിയപ്രവര്‍ത്തനങ്ങളാണ് വനം വന്യജീവി വകുപ്പിന്റെ പറമ്പിക്കുളം വനം വികസന ഏജന്‍സിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കടുവാസങ്കേതത്തെ വേലികെട്ടി തിരിച്ച് സംരക്ഷിക്കുന്ന രീതിയില്‍ നിന്ന് മാറി ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി നാനാവിധവികസനവും, പരിസ്ഥിതി പരിപാലനവുമാണ് ഇവിടെ സാധ്യമാക്കിയത്. രാജ്യത്തെ പ്രമുഖ കടുവാസങ്കേതങ്ങളിലൊന്നായ പറമ്പിക്കുളം വനത്തെമാത്രം ആശ്രയിച്ച് കഴിയുന്ന ധാരാളം പേര്‍ക്ക് നേരിട്ടുള്ള ജീവനോപാധിയും ഇവിടെ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ മാനസിക പിരിമുറുക്കത്തില്‍നിന്ന് മോചിതരാക്കുന്ന കൗണ്‍സിലിങുകള്‍, സ്ത്രീ സൗഹൃദ പരിപാടികള്‍, അവയവ, ശരീരദാനമടക്കമുള്ള ബോധവല്‍ക്കരണ യജ്ഞമടക്കമുള്ള പരിപാടികള്‍ എന്നിവയാണ് പാലക്കാട്ടെ ജില്ലാ പോലീസ് വനിതാ സെല്ലിനെ പബ്ലിക് സര്‍വ്വീസ് ഡെലിവറിക്കുള്ള അവാര്‍ഡിന് അര്‍ഹമാക്കിയത്. അധികചെലവില്ലാതെ അധികസേവനമായിരുന്നു സെല്ലിന്റെ പ്രവര്‍ത്തനരീതി. സ്‌കൂളുകളിലും, കുടുംബശ്രീ യൂണിറ്റുകളിലും, റസിഡന്റ് അസോസിയേഷനുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് സെല്‍ നടത്തുന്നത്. പരാതികള്‍ കൂടാതെയും പരിസരമലിനീകരണം ഇല്ലാതെയും ഖരമാലിന്യസംസ്‌കരണം വിജയകരമായി നടത്തുന്നതടക്കുമുള്ള പരിപാടികളാണ് ആറ്റിങ്ങള്‍ മുനിസിപ്പാലിറ്റിയെ പബ്ലിക് സര്‍വ്വീസ് ഡെലിവറി വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമാക്കിയത്. 2006 വരെ ഡമ്പിങ് യാഡായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ചവര്‍ സംസ്‌കരണം ആധുനിക സാങ്കേതിക വിദ്യകളിലൂടെ ഇവിടെ വളമാക്കി മാറ്റി. ഉറവിടത്തില്‍ മാലിന്യസംസ്‌കരണം പദ്ധതി നഗരസഭയില്‍ നടപ്പാക്കിയതോടെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിനും തുടക്കമായി. നഗരസഭാ പ്രദേശത്തെ മുഴുവന്‍ മാലിന്യങ്ങളും പരിപാലിക്കുന്നതിന് ഖരമാലിന്യപരിപാലനകേന്ദ്രത്തിന് കഴിയുന്നുണ്ട്. ജനങ്ങള്‍ക്ക് സുതാര്യമായ രീതിയില്‍, ന്യായമായ വിലയില്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്ക് മണല്‍ ലഭ്യമാക്കിയ കാസര്‍കോഡ് ജില്ലാഭരണകൂടത്തിന്റെ നിര്‍മ്മാണ്‍@കാസര്‍കോട് എന്ന ഓണ്‍ലൈന്‍ ഇ-മണല്‍ പദ്ധതി പ്രൊസിഡ്യൂറല്‍ ഇന്റര്‍വെന്‍ഷന്‍സിനുള്ള അവാര്‍ഡിന് അര്‍ഹമായി. അശാസ്ത്രീയമായ വിധത്തില്‍ മണല്‍വാരി അമിതവിലയ്ക്ക് വിറ്റിരുന്ന സ്ഥിതിയില്‍ നിന്ന് പാടേയുള്ള മാറ്റമാണ് ഇ-മണല്‍ പദ്ധതി. നിശ്ചിതസൗകര്യമുള്ള മൊബൈല്‍ ഫോണില്‍ നിന്നോ കമ്പ്യൂട്ടറില്‍നിന്നോ മണലിന്റെ ലഭ്യതയറിയാനും ബുക്ക് ചെയ്യാനും കഴിയുന്നതാണ് ഇപ്പോഴത്തെ രീതി. നേരത്തേയുള്ള വിലയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്കാണ് പദ്ധതിയിലൂടെ മണല്‍ ലഭിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി. ഡയറക്ടര്‍ ജനറലുമായ ഡോ.നിവേദിത പി.ഹരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, ഡി.ഡി.എസ്.മുന്‍ഡയറക്ടര്‍ ഡോ.കെ.പി.കണ്ണന്‍, ഹൈദരാബാലിലെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍സ് ഇന്‍ പബ്ലിക് സിസ്റ്റംസ് ഡയക്ടര്‍ ഡി.ചക്രപാണി എന്നിവര്‍ അംഗങ്ങളായിരുന്നു. അവാര്‍ഡിന്റെ നടത്തിപ്പ് ചുമതല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിനായിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീയുടെ ഡി.ഡി.എസ്സുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിച്ച 40 നാമനിര്‍ദ്ദേശങ്ങള്‍ സ്‌പോട്ട് സ്റ്റഡിയിലൂടെയും തുടര്‍ന്ന് ജൂറിയുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം