പാചകവാതകത്തിന് ആധാര്‍: സമയപരിധി നീട്ടി

November 27, 2013 ദേശീയം

പൂന: പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി. ഫെബ്രുവരി ഒന്നിനാണ് അവസാനതീയതി. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നുള്ള പരാമര്‍ശം സുപ്രീംകോടതി ഇന്നലെയും ആവര്‍ത്തിച്ചു. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്നാല്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായും എല്‍പിജി കണ്‍സ്യൂമര്‍ നമ്പരുമായും ബന്ധിപ്പിക്കാത്തവര്‍ക്കു സബ്‌സിഡി ലഭിക്കുകയില്ലെന്നു പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിയമനിര്‍മാണം നടത്താതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ അനുവാദമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടെയിലാണ് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ ഫെബ്രുവരി ഒന്നുവരെ സമയം ദീര്‍ഘിപ്പിച്ച് എണ്ണക്കമ്പനികള്‍ക്കു പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി ഒന്നിനുശേഷം ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് കമ്പോളനിരക്കില്‍ പാചകവാതകം നല്‍കാനുമാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.

വിജ്ഞാപനം ഇറക്കിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ചു മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നു മഹാരാഷ്ട്ര പാചകവാതക വിതരണ ഏജന്‍സി അസോസിയേഷന്‍ ചെയര്‍മാന്‍ വിജയ് ഭാവേ പറഞ്ഞു. സുപ്രീംകോടതിയുടെ തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍ അവഗണിച്ച് സംസ്ഥാനങ്ങള്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം