കസ്തൂരിരംഗന്‍, റബ്ബര്‍ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും – മുഖ്യമന്ത്രി

November 28, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക എന്നിവ പാര്‍ലമെന്റില്‍ എം.പി.മാര്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ എം.പി.മാരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം

റബ്ബര്‍ താരിഫ് 20 രൂപയെന്നത് 20% ആക്കണം എന്ന ആവശ്യം നേടുന്നതിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ റിമോട്ട് സെന്‍സിംഗിലുണ്ടായ അപാകത പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ക്ക് എം.പി.മാര്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇ.പി.എഫ് പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ സഹകരണരംഗത്തെ യാകെ ബാധിക്കുന്ന നടപടികളില്‍ നിന്ന് പിന്നോട്ടുപോകുന്നതിനും, നടപടികളുണ്ടാകുന്നതിന് ശ്രദ്ധ ചെലുത്തണം. കേന്ദ്ര ബജറ്റിലും റയില്‍വേ ബജറ്റിലും സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിവിഹിതം ഉണ്ടാവുന്നതിനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി കിട്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതിലും വിഴിഞ്ഞം ഹാര്‍ബര്‍ സംബന്ധിച്ച തടസ്സങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞതിലും എം.പി.മാരുടെ കൂട്ടായ പ്രവര്‍ത്തനം വളരെയേറെ സഹായിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതില്‍ ഒരു ക്ലിയറന്‍സ് കൂടി മാത്രമാണ് കിട്ടാനുള്ളത്. രണ്ടാഴ്ചക്കകം അത് ലഭ്യമായി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാവുമെന്നാണ് പ്രതീക്ഷ. മോണോ റയിലിന് അനുമതി കിട്ടിയതിലും എം.പി.മാരുടെ പങ്ക് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. കുറഞ്ഞ കാലത്തേയ്‌ക്കെങ്കിലും റബ്ബര്‍ ഇറക്കുമതി പൂര്‍ണമായി നിരോധിക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍വകക്ഷിസംഘം ഡല്‍ഹിക്ക് പോകണം. ക്യാന്‍സര്‍ ചികിത്സയ്ക്ക് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണം. നീര ഉത്പാദനം നടത്തുന്നതിലെ തടസ്സങ്ങള്‍ നീക്കണം, എറണാകുളം മറൈന്‍ ഡ്രൈവില്‍ രണ്ടാം ഘട്ട വികസനം വേണം തുടങ്ങിയ ആവശ്യങ്ങള്‍ എം.പി.മാര്‍ യോഗത്തില്‍ ഉന്നയിച്ചു. പി.എം.ജി.എസ്.വൈ പ്രകാരം നിര്‍മിക്കുന്ന റോഡുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് പ്രവര്‍ത്തനമോഡല്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ആലപ്പുഴ-കൊല്ലം ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.പി.മാരുടേയും റയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്നു. കേരളത്തിന്റെ 2004-05 മുതല്‍ റയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാതെപോയ പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും കേരളത്തിലെ റയില്‍വേ വികസനത്തെ ക്കുറിച്ചും പ്രത്യേക കുറിപ്പ് തയ്യാറാക്കി നല്‍കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തിരുവനന്തപുരം മുതല്‍ ഹരിപ്പാട് വരെ മഹാരാഷ്ട്രയിലെ റയില്‍വികാസ് കമ്പനി യുമായി ചേര്‍ന്ന് നടപ്പാക്കുന്ന സബര്‍ബന്‍ റയില്‍വേ യാത്രാക്ലേശം പരിഹരിക്കാന്‍ സഹായിക്കും. ഏഴ് ബോഗികളുള്ള 10 ട്രെയിനുകള്‍ സബര്‍ബന്‍ റയില്‍വേ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതുള്‍പ്പെടെ റയില്‍വേ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഗണന കിട്ടാന്‍ കൂട്ടായ യത്‌നം വേണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ കെ.വി.തോമസ്, ഡോ.ശശിതരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.വേണുഗോപാല്‍, എം.പി.മാരായ ആന്റോ ആന്റണി, എം.കെ.രാഘവന്‍, എന്‍.പീതാംബരക്കുറുപ്പ്, ചാള്‍സ് ഡയസ്, ഇ.ടി.മുഹമ്മദ് ബഷീര്‍, ജോസ് കെ.മാണി, ജോയി എബ്രഹാം, എം.ഐ.ഷാനവാസ്, കെ.പി.ധനപാലന്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍