ഭക്ഷ്യധാന്യങ്ങള്‍ തീരദേശകപ്പല്‍ ഗതാഗത പദ്ധതിയിലൂടെ സംസ്ഥാനത്തെത്തിക്കുവാന്‍ തീരുമാനം : മന്ത്രി കെ. ബാബു

November 28, 2013 കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പ്രതിവര്‍ഷം അനുവദിക്കുന്ന 14.72 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ തുറമുഖ വകുപ്പ് ആവിഷ്‌കരിച്ച തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്തിക്കാന്‍ തത്വത്തില്‍ തീരുമാനമായതായി തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനം.

വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലൂടെയാണ് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തുറമുഖ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഐ.പി..എസ്. ചെയര്‍മാനായി ഉപസമിതിയെ നിയോഗിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കേരള റീജിയന്‍ ജനറല്‍ മാനേജര്‍ ജെ.എസ്. സിജു ഉപസമിതിയില്‍ അംഗമായിരിക്കും. ഉപസമിതി 14 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ രണ്ടാം വാരം ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി. തോമസ്, മന്ത്രിമാരായ കെ. ബാബു, അനൂപ് ജേക്കബ്, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി ഐ.എ.എസ്., കേന്ദ്ര ഭക്ഷ്യവകുപ്പ് ജോയിന്റ് സെക്രട്ടറി പ്രദീപ് കുമാര്‍ ഐ.എ.എസ്. തുറമുഖ വകുപ്പ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഐ.പി..എസ്., ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേന്ദ്ര സിംഗ്, ജനറല്‍ മാനേജര്‍മാരായ കല്ല്യാണ്‍, ജെ.എസ് ഷൈജു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുത്തുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം