പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണം: ബിജെപി

December 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അന്യായമായ പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്നു ബിജെപി വക്‌താവ്‌ പ്രകാശ്‌ ജാവഡേക്കര്‍ ആവശ്യപ്പെട്ടു. ഡീസല്‍ വില 22നു വര്‍ധിപ്പിക്കാനുള്ള നീക്കം അവശ്യസാധന വിലക്കയറ്റത്തിനു കാരണമാകും. പെട്രോള്‍ വില നിയന്ത്രണ സംവിധാനം പിന്‍വലിച്ച ശേഷം ആറു മാസത്തിനിടെ ലീറ്ററിനു 8.41 രൂപയുടെ വര്‍ധന(18%)യാണുണ്ടായത്‌. പെട്രോളിന്റെ ഇറക്കുമതി വില ലീറ്ററിനു 26 രൂപ മാത്രമായിരിക്കേ 30 രൂപയോളം നികുതിയാണ്‌ ഉപഭോക്‌താക്കളില്‍ നിന്ന്‌ ഈടാക്കുന്നത്‌. ലോകത്ത്‌ ഏറ്റവും കൂടിയ നികുതി ചുമത്തലാണിതെന്നു ജാവഡേക്കര്‍ കുറ്റപ്പെടുത്തി.
എണ്ണ കമ്പനികള്‍ ലാഭമുണ്ടാക്കുന്ന ഘട്ടത്തില്‍ വിലകൂട്ടേണ്ട സാഹചര്യവുമില്ല. മൊത്തവില സൂചികയില്‍ പണപ്പെരുപ്പം കുറയുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്‌ഥാനത്തിലുള്ള വിലവര്‍ധന വിപണിയിലെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. മൊത്ത വിലസൂചിക കണക്കാക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിനാലാണു പണപ്പെരുപ്പം കുറച്ചു കാണിക്കുന്നത്‌. മൊത്ത വില സൂചികയ്‌ക്കു പകരം ഉപഭോക്‌തൃ വിലസൂചിക അടിസ്‌ഥാനമാക്കണമെന്നു ജാവഡേക്കര്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം