കോണ്‍ഗ്രസും ബിജെപിയും ഡല്‍ഹിയിലെ കുടിയേറ്റക്കാരെ അവഗണിക്കുന്നു: മായാവതി

November 30, 2013 ദേശീയം

mayavathiന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ കുടിയേറ്റക്കാര്‍ക്കുവേണ്ടി നാളിതുവരെ യാതൊന്നും ചെയ്തിട്ടില്ലെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയെ അധികാരത്തിലെത്തിച്ചാല്‍ ഡല്‍ഹിയിലെ കുടിയേറ്റക്കാരും ന്യൂനപക്ഷവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്നും മായാവതി പറഞ്ഞു. ജോലി സംബന്ധമായും ബിസിനസ് ആവശ്യങ്ങള്‍ക്കും തലസ്ഥാനത്തേക്ക് കുടിയേറിപാര്‍ത്ത അന്യസംസ്ഥാനക്കാര്‍ നിരവധിയാണ്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണ നല്‍കാന്‍ തയാറാകുന്നില്ലെന്നും തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്തുകൊണ്ട് മായാവതി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും പാവങ്ങളുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല. ബിഎസ്പി അധികാരത്തില്‍ വന്നാല്‍ തലസ്ഥാന നഗരിയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കും. അധികാരത്തിലിരുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയിലും നടപ്പാക്കുമെന്നും മായാവതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം