സഹസ്രകിരണന്‍ (ഭാഗം-9)

November 30, 2013 സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

Chattambi-swami_sliderഅറിവിന്റെ പരിപൂര്‍ണ്ണതയിലും ഗ്രന്ഥങ്ങള്‍ കുഞ്ഞന്‍പിള്ളയെ ആകര്‍ഷിച്ചിരുന്നു. മരുത്വാമലയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കുഞ്ഞന്‍പിള്ള തമ്പാനൂരുള്ള ഒരു അകന്ന ബന്ധുവീടായ കല്ലുവീട്ടിലേക്കാണു ചെന്നത്. ഉദ്യോഗസ്ഥനായ കല്ലുവീട്ടില്‍ ഗോവിന്ദപിള്ളയോടൊത്ത് നെടുമങ്ങാട്ടും ഇക്കാലത്ത് ശേഖരിച്ചു. തന്ത്രശാസ്ത്രം, ക്ഷേത്രവാസ്തു തുടങ്ങിയവയില്‍ ഉപരിപഠനം ഒരാഗ്രഹമായി ഉള്ളില്‍കിടന്നിരുന്നു. എട്ടരയോഗത്തില്‍പ്പെട്ട പ്രശസ്തതാന്ത്രികന്മാരായ കൂപക്കരപ്പോറ്റിമാരെപ്പറ്റി കേട്ടിട്ടുമുണ്ട്. അവിടത്തെ ഗ്രന്ഥപ്പുര പ്രശസ്തമാണ്. ഒന്നു സന്ദര്‍ശിച്ചാലോ? വട്ടെഴുത്ത് വായിക്കാനും നല്ല പരിചയമുണ്ട്. വൈകിയില്ല. പിറ്റേന്നു തന്നെ ചട്ടമ്പി കൂപക്കരമഠത്തില്‍ ചെന്നു. കാരണവരായ വലിയ നമ്പൂതിരയെക്കണ്ട് ആഗമനോദ്ദേശ്യം അറിയിച്ചു. ശൂദ്രനാണു മുന്നില്‍ നില്ക്കുന്നതെന്ന കാര്യം തിരുമേനിമറന്നു. ‘ശരി, രണ്ടുകാര്യങ്ങള്‍ നിര്‍ബന്ധം. ഗ്രന്ഥങ്ങളൊന്നും പുറത്തുകൊണ്ടുപോയ്ക്കൂടാ. ഒരിക്കല്‍ വെളിയില്‍വന്നാല്‍ വീണ്ടും അകത്തുകയറരുത്. സമ്മതമാണോ? ‘പൂര്‍ണ്ണസമ്മതം’. തികഞ്ഞ ഒരു ജ്ഞാനഭിക്ഷുവിന്റേതായ വാക്കുകള്‍! അകൃത്രിമമായ വിനയം. അങ്ങനെ, ആര്‍ക്കും പ്രവേശനമില്ലാതിരുന്ന ആ ഗ്രന്ഥപ്പുരയില്‍ അദ്ദേഹത്തിനു പ്രവേശനം കിട്ടി.

ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിച്ച ആ അപൂര്‍വ്വാവസരത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്നുകരുതി മൂന്നുനാലുദിവസം അദ്ദേഹം ആഹാരവും നിദ്രയും വെടിഞ്ഞ് ആ ഗ്രന്ഥപ്പുരയില്‍തന്നെക്കഴിഞ്ഞു. നാലാംനാള്‍ പുറത്തുവന്നപ്പോള്‍ പൂമുഖത്തിരിക്കുകയായിരുന്ന കാരണവര്‍ ചെറിയൊരു ചിരിയോടെ ചോദിച്ചു. ‘തന്ത്രശാസ്ത്രം മുഴുവന്‍ പഠിച്ചോ?’ ‘വേണ്ടതൊക്കെ പഠിച്ചു.’ വിനായാന്വിതനായി കുഞ്ഞന്‍പിള്ള പറഞ്ഞു.

‘ഒന്നു പരീക്ഷിക്കട്ടെ?’ വീണ്ടും പോറ്റിയുടെ ചോദ്യം.
‘വേണമെങ്കിലാവാം’ – കുഞ്ഞന്റെ മറുപടി.

തന്ത്രവിശാരദര്‍ക്കുപോലും അത്ര എളുപ്പം പറയാനാവാത്ത ചില ചോദ്യങ്ങളാണ് കാരണവര്‍ ചോദിച്ചത്. സകല ചോദ്യങ്ങള്‍ക്കും സുവ്യക്തമായ മറുപടി അനായാസേന വന്നപ്പോള്‍ അത്ഭുതാദരത്താല്‍ അറിയാതെ എണീറ്റു ചട്ടമ്പിയെ കെട്ടിപ്പുണര്‍ന്നുകൊണ്ട് പോറ്റി പറഞ്ഞുവത്രെ, ‘കുഞ്ഞന്‍ മനുഷ്യനല്ല, സാക്ഷാല്‍ പരമശിവന്‍തന്നെയാണ്, വിദ്യാധിരാജനാണ്’. അങ്ങനെയാണ് വിദ്യാധിരാജ ബിരുദത്തിന്റെ വരവ്. ഇന്ന് അത് ചട്ടമ്പിസ്വാമി എന്ന തിരുനാമത്തിന്റെ പര്യായം തന്നെയായിത്തീര്‍ന്നിരിക്കുന്നു.

വിദ്യാധിരാജന്‍ കുഞ്ഞന്‍പിള്ളച്ചട്ടമ്പി സന്തുഷ്ടനായി എന്നാല്‍ അന്തര്‍മുഖനായി അല്പകാലം അനന്തപുരിയില്‍ ചുറ്റിനടന്നു. അദ്ദേഹത്തെ വ്യക്തമായി ധരിക്കാത്ത ജനം അത്ഭുതാദരങ്ങളോടെ ഓരോന്നു സങ്കല്പിച്ചു. ചിലര്‍ മഹാവൈദ്യനായിക്കണ്ടു. മഹാമാന്തികനായി മറ്റുചിലര്‍. സന്ന്യാസിയായും പലരും കണ്ടു.

പെട്ടെന്നൊരുനാള്‍ അദ്ദേഹം ഉള്ളൂര്‍ക്കോട്ട് വീട്ടിലെത്തി. അസുഖബാധിതയായി കിടക്കുകയായിരുന്ന അമ്മയ്ക്ക് അന്ന് രോഗം മൂര്‍ച്ഛിച്ചിരുന്നു. നെറ്റിയില്‍ പുത്രന്റെ കരസ്പര്‍ശമേറ്റ് അമ്മ കണ്ണുതുറന്നു. പോയ മകന്‍ മടങ്ങിവന്നിരിക്കുന്നു! അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. കുഞ്ഞന്‍ ആ കണ്ണുനീര്‍ തുടച്ചു.

അനുജത്തി നാണിയാണ് ശുശ്രൂഷിച്ചിരുന്നത്. ഒരു പട്ടിയും പൂച്ചയും അടിയ്ക്കടി രോഗിയുടെ അടുക്കല്‍ വന്നുംപോയുമിരുന്നു.

കുഞ്ഞന്‍പിള്ള അന്നുമുഴുവന്‍ അമ്മയെ പരിചരിച്ചു. നേരം പാതിരാവായി. അസാധാരണമാംവണ്ണം അടുത്തുള്ള ദേവീക്ഷേത്രത്തില്‍ നിന്നും മണിമുഴങ്ങുന്നതു കേള്‍ക്കായി. മകന്‍ അമ്മയുടെ ശിരസ്സു സ്വന്തം മടിയില്‍ കയറ്റിവച്ചു.

‘നങ്ക കണ്ണുമിഴിച്ചു, തന്‍ദൃഷ്ടികള്‍
തന്‍മകനായ കുഞ്ഞനില്‍ – ഈശനില്‍-
ചേര്‍ത്തു, കൈമൊട്ടു വക്ഷഃസ്ഥലത്തിലും’

പിന്നെ, ആ കണ്ണുകള്‍ എന്നേക്കുമായി അടഞ്ഞു.

മാതാവിന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ക്കുശേഷം വിദ്യാധിരാജന്‍ വീടുവിട്ടിറങ്ങി. പ്രപഞ്ചവുമായുണ്ടായിരുന്ന പൊക്കിള്‍ക്കൊടിബന്ധം അറ്റുപോയിരിക്കുന്നു. പിന്നെ സമാധിപര്യന്തം ആ വീട്ടില്‍ ചെന്നിട്ടില്ല. ഇരുപത്തിയെട്ടു വയസ്സായിരുന്നു അപ്പോള്‍ പ്രായം.

‘പോക, പോക നീ ലോകൈക ബാന്ധവ!
ശോകതപ്തയാം കേരളമാതിന്റെ
അശ്രുധാര തുടച്ചുകളയുവാന്‍
അന്യനാരിത്ര ചാതുര്യമാര്‍ന്നവന്‍?’

(വിദ്യാധിരാജ ഭാഗവതം – എ.വി.ശങ്കരന്‍)
ആദ്യമായി സര്‍വ്വജ്ഞപീഠം കയറിയ ആദിശങ്കരന്റെ ജീവിതാദ്ധ്യായങ്ങള്‍ ആയിരത്താണ്ടുകള്‍ക്കുശേഷം കേരളചരിത്രത്തില്‍ ആവര്‍ത്തിക്കുന്നതായി ഇവിടെ നാം കാണുന്നു.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)

വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070

പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം