ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കൂപ്പണ്‍: ഹര്‍ജി വിധി പറയാന്‍ മാറ്റി

November 30, 2013 കേരളം

കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കൂപ്പണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ടു കേരള വ്യാപാരി വ്യവസായി സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതിയുടെതന്നെ ഇടക്കാല വിധിയുള്ളതിനാല്‍ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി.

ഷോപ്പിംഗ് ഫെസ്റിവലുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണമുള്‍പ്പെടെയുള്ള നടപടികളില്‍നിന്നു വ്യാപാരി വ്യവസായി സമിതിയെ ഒഴിവാക്കി സര്‍ക്കാര്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി മാത്രം കരാര്‍ ഒപ്പുവച്ചതിനെ ചോദ്യം ചെയ്തു വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി നല്‍കിയ ഹര്‍ജിയാണു ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍ പരിഗണിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 15ന് ഇതു സംബന്ധിച്ച ഹര്‍ജി പരിഗണനക്കു വന്നപ്പോള്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളില്ലാതെ ഏകപക്ഷീയമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സമ്മതപത്രം ഒപ്പിടുകയായിരുന്നുവെന്നും മൂന്നു ലക്ഷത്തിലേറെ അംഗങ്ങളുള്ള വ്യാപാരി വ്യവസായി സമിതിയെ ഒഴിവാക്കിയെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ സന്തോഷ് മാത്യു വാദിച്ചു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ തല്‍സ്ഥിതി തുടരാന്‍ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവു നല്‍കി. ഇന്നലെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ ഹര്‍ജി വിധി പറയാന്‍ മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം