രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പു പുരോഗമിക്കുന്നു

December 1, 2013 ദേശീയം

ജയ്പൂര്‍: രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു പുരോഗമിക്കുന്നു. ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന ജഗദീഷ് മേഘ്വാള്‍ മരിച്ചതിനാല്‍ ചുരു മണ്ഡലത്തിലെ വോട്ടെടുപ്പ് ഡിസംബര്‍ 13 ലേക്ക് മാറ്റി. ഇതൊഴിച്ച് ബാക്കി 199 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പിന് ഒരുക്കിയിട്ടുള്ളത്. ആകെയുള്ള 2987 സ്ഥാനാര്‍ഥികളില്‍ 166 പേര്‍ സ്ത്രീകളാണ്. 758 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. 4.08 കോടി വോട്ടര്‍മാരില്‍ 1.92 കോടി പേര്‍ വനിതകളാണ്. 47223 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ടു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ബിഎസ്പിയെയും കൂടാതെ സിപിഐ, സിപിഎം, എന്‍സിപി തുടങ്ങിയ കക്ഷികളാണ് പ്രധാനമായും മത്സരരംഗത്തുളളത്. പുതുതായി രൂപീകരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും സജീവമാണ്. നിലവില്‍ കോണ്‍ഗ്രസിന് 102 അംഗങ്ങളും ബിജെപിക്ക് 79 അംഗങ്ങളുമാണ് നിയമസഭയില്‍ ഉള്ളത്. ബിജെപിയും കോണ്‍ഗ്രസും ഇക്കുറി എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. ജോധ്പൂരിലെ സര്‍ദാര്‍പുരയില്‍ നിന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ജനവിധി തേടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം