ഭൂരഹിതരില്ലാത്ത കേരളം : ഭൂമി ലഭിക്കാത്തവര്‍ക്ക് കാസര്‍ഗോഡ് ഭൂമി നല്‍കും

December 2, 2013 കേരളം

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ സ്വന്തം ജില്ലയില്‍ ഭൂമി ലഭിക്കാത്തവരില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഭൂമി കിട്ടണമെന്നുള്ളവര്‍ അവര്‍ താമസിക്കുന്ന വില്ലേജിലെ വില്ലേജ് ഓഫീസില്‍ സമ്മതപത്രം നല്‍കണം. ജില്ലകളിലെ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍പ്പെടുന്നതും ഒന്നാംഘട്ടത്തില്‍ ഭൂമി ലഭിക്കാത്തവരുമാണ് ഡിസംബര്‍ 10-നകം സമ്മതപത്രം നല്‍കേണ്ടത്.

എല്ലാ ജില്ലാ കളക്ടര്‍മാരും ഡിസംബര്‍ 11-നുതന്നെ സമ്മതപത്രം നല്‍കിയവരുടെ ലിസ്റ്റ് കാസര്‍ഗോഡ് കളക്ടര്‍ക്ക് കൈമാറണം. ഇതിന്റെ ഏകോപന ചുമതല അതാത് ജില്ലാ കളക്ടര്‍മാരെ ഏല്‍പ്പിച്ചതായി റവന്യൂമന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലഭ്യതയനുസരിച്ച് ജില്ലകളില്‍ പട്ടയം വിതരണം ചെയ്തുവരികയാണ്. ലിസ്റ്റില്‍പ്പെട്ട് ഭൂമി ലഭിക്കാത്തവരില്‍ താല്പര്യമുള്ളവര്‍ക്കാണ് കാസര്‍ഗോഡ് ജില്ലയില്‍ ഭൂമി ലഭിക്കാന്‍ സമ്മതപത്രം നല്‍കാവുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം