തരുണ്‍ തേജ്പാല്‍ പ്രതീകം മാത്രം

December 2, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editoral slider-Tejpalധാര്‍മ്മികാധപതനത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍വീണുപോയ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയെങ്കിലും പ്രതീകമാണ് തരുണ്‍തേജ്പാല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. തെഹല്‍ക എന്ന പോര്‍ട്ടലിലൂടെയും പിന്നീട് മാഗസീനിലൂടെയും അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തിയ തേജ്പാല്‍ ഇന്ന് അഴികള്‍ക്കുള്ളിലാണ്. അതും സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍. ഭാരതത്തിന്റെ മാധ്യമചക്രവാളത്തിലെ ശുക്രനക്ഷത്രമായി കുതിച്ചുയര്‍ന്ന തേജ്പാലിന്റെ വീഴ്ച സമാനതകളില്ലാത്തതാണ്.

ഭരണാധികാരികളെ തിരുത്തുകയും ജനങ്ങളെ നേര്‍വഴിക്കു നയിക്കുകയും ചെയ്യേണ്ട ധാര്‍മ്മികമായ ചുമതലയാണ് മാധ്യമങ്ങള്‍ക്കുള്ളത്. അതിനര്‍ത്ഥം അത് കൈകാര്യം ചെയ്യുന്നവര്‍ ഈ സ്വഭാവവൈശിഷ്ട്യമുള്ളവരായിരിക്കണമെന്നാണ്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളിലൂടെ തെറ്റുകള്‍ വിളിച്ചുപറയുകയും അതേസമയം തെറ്റിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നവരായി ചില മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും മാറിക്കഴിഞ്ഞു. സമൂഹത്തിലുണ്ടായ മൂല്യച്യുതിയുടെ പ്രതിഫലനമാണ് ഇതൊക്കെ എന്നുപറഞ്ഞ് സമാധാനിക്കാന്‍ സാധ്യമല്ല.

ഭാരതീയ ദര്‍ശനത്തില്‍ വ്യക്തിയില്‍നിന്നാണ് നന്മയുള്ള സമൂഹത്തിന്റെ ആരംഭം. വ്യക്തിയും കുടുംബവും സമാജവും നന്നാകുമ്പോള്‍ രാഷ്ട്രത്തിന് അതിന്റെ  ശോഭയുണ്ടാകും. മറിച്ച് വ്യക്തിപരമായി സ്വഭാവശുദ്ധിയില്ലാത്തവര്‍ ഏതൊക്കെ ആദര്‍ശം പറഞ്ഞാലും ഒടുവില്‍ അവര്‍ പെട്ടുപോകുന്നത് തേജ്പാലിന്റെ വീഴ്ചപോലെയാവും. ഇന്ത്യാടുഡേയിലും മറ്റുചില മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തേജ്പാലിനെ ഇതുപോലെ പ്രശസ്തിയുണ്ടായിരുന്നില്ല. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മേഖലയിലെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണത്തിന് അധാര്‍മ്മികമായ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിച്ചത്. കൈക്കൂലി കൊടുത്തുകൊണ്ടാണ് കൈക്കൂലി വാങ്ങുന്നുവെന്ന തെളിവ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ അന്ന് ആ മാര്‍ഗ്ഗം ശരിയല്ലായെന്ന് പറയാന്‍ മുതിര്‍ന്നില്ല.

തെഹല്‍കയിലെ സഹപ്രവര്‍ത്തകയും മകളുടെ കൂട്ടുകാരിയുമായ പെണ്‍കുട്ടിയെയാണ് തേജ്പാല്‍ പീഡിപ്പിച്ചത്. ഒരിക്കല്‍ പീഡനം നടന്നപ്പോള്‍ മകളോടു പരാതിപ്പെട്ടിരുന്നു. എന്നാല്‍ പിന്നെയും അത് തുടരുകയായിരുന്നു. ഈ മാസം ആദ്യം ഗോവയില്‍ സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിന്റെ ഇടയില്‍ നക്ഷത്രഹോട്ടലില്‍വച്ചായിരുന്നു സംഭവം. കൈയബദ്ധം സംഭവിച്ചതായിരുന്നുവെങ്കില്‍ രണ്ടാമതും സഹപ്രവര്‍ത്തകയോട് ഈ കാടത്തം കാട്ടുകയില്ലായിരുന്നു. എന്നാല്‍ മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ അറിയാതെപറ്റിപ്പോയതെന്നാണ് ക്ഷമാപണസ്വരത്തില്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. മദ്യപിച്ചാല്‍ സ്വന്തം മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയാത്ത തേജ്പാലിന് ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കാന്‍ യാതൊരവകാശവും ഇല്ല.

ജാമ്യാപേക്ഷ നിരസിച്ചതിനെതുടര്‍ന്ന് ഗോവപോലീസ് അറസ്റ്റുചെയ്ത തേജ്പാല്‍ ഇപ്പോള്‍ ജയിലിലാണ്. പീഡനം സംബന്ധിച്ച് പെണ്‍കുട്ടി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കേസില്‍ തേജ്പാല്‍ ശിക്ഷിക്കപ്പെടാനാണ് സാദ്ധ്യത. ഈ സംഭവത്തോടെ മാധ്യമരംഗത്ത് നിലനില്‍ക്കുന്ന അധാര്‍മ്മികമായ പലകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.

നീതിക്കും സത്യത്തിനുംവേണ്ടി നിലകൊള്ളുന്നു എന്നുപറയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടയിലും അധാര്‍മ്മികതയുടെ ഭീകരമായ വാഴ്ച നടക്കുന്നുവെന്നത് പുറത്തറിയാത്ത രഹസ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത് പലപ്പോഴും മറ്റു മാധ്യമങ്ങള്‍ പുറത്തുവിടാറില്ല. പരസ്പര ധാരണയുടെ ഈ മറ തകര്‍ക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും തെറ്റുകള്‍ക്കതീതരാകാത്തിടത്തോളംകാലം അവര്‍ നിയമത്തിന്റെമുമ്പില്‍ ശിക്ഷാര്‍ഹരാണ്. സോഷ്യല്‍മീഡിയാപോലുള്ള മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന ഈ കാലത്ത് ആര്‍ക്കും ഒന്നും മൂടിവയ്ക്കാന്‍ സാധ്യമല്ല എന്നത് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരും വന്‍കിടമാധ്യമങ്ങളും മറക്കാതിരിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ തേജ്പാലിനെപ്പോലെ അവര്‍ക്കും അഴിയെണ്ണേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍