ടി.പി കേസിലെ പ്രതികളെ ജയില്‍മാറ്റാന്‍ കോടതിയുടെ അനുമതി തേടുമെന്ന് ആഭ്യന്തരമന്ത്രി

December 3, 2013 പ്രധാന വാര്‍ത്തകള്‍

thiruvanchoor-radhakrishnan-31കോഴിക്കോട്: ടി.പി വധക്കേസിലെ കൊടിസുനി അടക്കമുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റുന്നതിനായി കോടതിയുടെ അനുമതി തേടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൊലപാതക സംഘത്തിലുണ്ടായിരുന്ന കൊടി സുനിയും കിര്‍മാണി മനോജും അടക്കമുള്ള ഏഴു പ്രതികള്‍ ജയിലില്‍ ആധുനീക സംവിധാനങ്ങള്‍ ഉള്ള മൊബൈല്‍ ഫോണുകളും മറ്റും ഉപയോഗിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുകയും സജീവമായി സുഹൃത്തുക്കളോട് ആശയവിനിമയം നടത്തുകയും ചെയ്യുന്ന വാര്‍ത്ത വിവാദമായ പശ്ചാത്തലത്തില്‍ ജയിലിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇവര്‍ വിചാരണത്തടവുകാരായതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ഇവരെ ജയില്‍ മാറ്റാന്‍ സാധിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു. ജയിലിനുള്ളില്‍ തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി മനസിലായെന്ന് പറഞ്ഞ മന്ത്രി ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. ജയില്‍ പരിസരത്തുള്ള മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. മൊബൈലിന്റെ ഉപയോഗം തടയുന്ന സെന്‍സറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സംസാരിച്ച് ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ ഉന്നതതല അന്വേഷണസംഘത്തോട് അടിയന്തരമായി അന്വേഷണം നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജയിലില്‍ കണ്ട വീഴ്ചകളില്‍ ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഓണ്‍ ദ സ്പോട്ട് പഠനമാണ് താന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞ മന്ത്രി കാണേണ്ട കാര്യങ്ങള്‍ കണ്ടുവെന്നായിരുന്നു സന്ദര്‍ശനക്കുെറിച്ച് പ്രതികരിച്ചത്. വാര്‍ത്ത പുറത്തുവന്നതിനു ശേഷവും ജയിലില്‍ പരിശോധന വൈകിയെന്ന ആരോപണം ആഭ്യന്തരമന്ത്രി നിഷേധിച്ചു. സംഭവത്തില്‍ ജയില്‍ വകുപ്പിന് വീഴ്ചയുണ്ടായെന്ന കാര്യവും തുറന്നു സമ്മതിക്കാന്‍ മന്ത്രി തയാറായില്ല. ഇതു സംബന്ധിച്ച സമര്‍പ്പിക്കപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നടപടിയുണ്ടാകുമെന്നും ജയിലിനകത്തായിരുന്നിട്ടുപോലും അവര്‍ നടത്തുന്ന തോന്ന്യാസങ്ങള്‍ കോടതി പരിശോധിക്കട്ടെയെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാടെന്നും ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്റലിജന്‍സ് എഡിജിപി ടി.പി സെന്‍കുമാറും ഉത്തരമേഖലാ എഡിജിപിയും ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍