സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശം കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

December 3, 2013 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശം കാര്യക്ഷമമാക്കാന്‍ നടപടികല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുജന സേവന രംഗത്ത് നൂതനാശയ ആവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2012-ലെ അവാര്‍ഡുകള്‍ തിരുവനന്തപുരം ഐഎംജിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

സേവനാവകാശം ജനങ്ങളുടെ അവകാശമാണ്.അത് സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഔദാര്യമല്ല.2012 നവംബര്‍ ഒന്നിന് സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന സേവനാവകാശ നിയമം ഫലപ്രദമായി മിക്ക വകുപ്പുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ചില വകുപ്പുകള്‍ സജീവമാകേണ്ടതുണ്ട്. അത്തരം വകുപ്പുകള്‍ കണ്ടെത്തി ഇടപെടലുകള്‍ നടത്തുന്നതിനും അതു കണ്ടെത്തി കാര്യക്ഷമമാക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചുള്ള പരിഹാരങ്ങളും നിര്‍ദേശങ്ങളും കാബിനറ്റില്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി-ജന സൗഹൃദമായ പുതിയ ആശയങ്ങളും പരിപാടികളും നടപ്പില്‍ വരുത്തുകയും അതു സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് സര്‍ക്കാരിന്റെ നയം.ലോകം മാറുന്നതിനനുസരിച്ച് കേരളവും മാറിയില്ലെങ്കില്‍ നാം പിന്തള്ളപ്പെട്ടു പോകും.പുതിയ സാഹചര്യങ്ങളില്‍ മാറ്റങ്ങളെ സംസ്ഥാനം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ആശ്രയ, കില , കുടുംബശ്രീ സംരഭങ്ങള്‍ പഠിക്കുന്നതിനും അതത് സംസ്ഥാനങ്ങളില്‍ ഇതു നടപ്പില്‍ വരുത്തുന്നതിനുമുള്ള നടപടികള്‍ക്കായി കേരളത്തില്‍ പഠനം നടത്തുന്നതിന് എത്താറുണ്ട്.സംസ്ഥാനത്തിന്റെ ഇത്തരം ആശയങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളിലെ മികച്ച ആശയങ്ങള്‍ പഠിച്ച് കേരളത്തിനനുസൃതമായി അതു സംസ്ഥാനത്ത് നടപ്പാക്കുന്നതിനും സ്വാംശീകരിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നൂതനമായ ആശയങ്ങള്‍ കൊണ്ടു വരുകയും അതു സംസ്ഥാനത്ത് നടപ്പില്‍ വരുത്തി സേവന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് സമയബന്ധിതമായി നല്‍കുന്നവര്‍ക്ക് വേണ്ടിയാണ് മുന്‍ വര്‍ഷം മുതല്‍ പൊതുജന സേവന രംഗത്ത് നൂതനാശയ ആവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ സേവനങ്ങളെ നോക്കിക്കാണുന്നത്. മെച്ചപ്പെട്ട സേവനങ്ങള്‍ കാര്യക്ഷമതയോടെയും യഥാസമയത്തും ജനങ്ങള്‍ക്ക് ലഭ്യമാക്കണം.അതിന് ഉദ്യോഗസ്ഥരുള്‍പ്പെടെ ആത്മാര്‍ഥമായ പരിശ്രമം നടത്തിയേ മതിയാവുകയുള്ളു.അത്തരക്കാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നത് മറ്റു വകുപ്പുകള്‍ക്കും പ്രചോദനമാകും.ജോലി ചെയ്യുന്നവര്‍ക്ക് കുറ്റവും ഒന്നും ചെയ്യാത്തവര്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന ഒരാക്ഷേപം നലനില്‍ക്കുന്നുണ്ട്.ജനങ്ങള്‍ക്ക് സേവനം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ചില കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ കൊണ്ടു വന്നിട്ടുണ്ട്. കേന്ദ്രം കൊണ്ടു വന്ന റിസള്‍ട്ട് ഫ്രെയിംവര്‍ക്ക് ഡോക്യുമെന്റേഷന്‍ പദ്ധതി സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമത അളക്കുന്നതിനുള്ളതാണ്.ഇതു സംസ്ഥാനത്തും നടപ്പിലാക്കിയിട്ടുണ്ട്.ഇന്ത്യയില്‍ ആദ്യമായി ഇതു നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.നടപ്പിക്കി മൂന്നാം വര്‍ഷത്തേക്ക് കടക്കുന്ന ഈ പദ്ധതിയുടെ റിസള്‍ട്ട് എല്ലാ വകുപ്പുകളും പൂര്‍വ്വാധികം മികച്ചതായി മുന്നോട്ടു പോകുന്നുണ്ടെന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ ഉടന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥരുടെ ശുഷ്‌ക്കാന്തിയാണ് ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു.സര്‍ക്കാര്‍ തീരുമാനങ്ങള്‍ യഥാസമയം ജനങ്ങളിലെത്തിക്കുന്നതിനു പരിശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍ മറ്റ് വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രചോദനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ ഡോ.നിവേദിതാ പി.ഹരന്‍ , സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജോസ് സിറിയക്, ഡി.ചക്രപാണി , ഡോ.ആര്‍.റാം മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സിനുള്ള അവാര്‍ഡ് പറമ്പിക്കുളം വനം വികസന ഏജന്‍സി , പബ്ലിക് സര്‍വീസ് ഡെലിവറിക്കുള്ള അവാര്‍ഡ് പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, പ്രൊസീഡ്യുറല്‍ ഇന്റര്‍വെന്‍ന്‍ഷന്‍സിനുള്ള പുരസ്‌ക്കാരം കാസര്‍കോട് ജില്ലാ ഭരണകൂടം എന്നിവയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങി.അഞ്ചു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുകളും അടങ്ങുന്നതാണ് അവാര്‍ഡ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം