നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം സുഗമമാക്കണം- സ്പീക്കര്‍

December 3, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: നിയമനിര്‍മ്മാണസഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് കാരണം സഭകള്‍ പാസാക്കുന്ന നിയമങ്ങളില്‍ യഥാര്‍ത്ഥ ജനാഭിപ്രായം പ്രതിഫലിക്കുന്നില്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപക ദിനാചരണം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയിലെ ബഹളം കാരണം നിയമങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്യാതെയാണ് പാസാക്കുന്നത്. ജനപ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്തതു കാരണം അവരുടെ നിര്‍ദ്ദേശങ്ങള്‍ നിയമങ്ങളില്‍ പ്രതിഫലിക്കാതെ വരുന്നു. ഇക്കാരണത്താല്‍, ഉദ്യോഗസ്ഥരുടെ അഭിപ്രായം മാത്രമുള്‍ക്കൊള്ളുന്ന നിയമങ്ങള്‍ പലതും, കോടതികളില്‍ ചോദ്യം ചെയ്യപ്പെടുന്നു. ജുഡീഷ്യറിയും നിയമനിര്‍മ്മാണ സഭകളും എക്‌സിക്യുട്ടീവും തമ്മില്‍ അധികാര മത്സരമുണ്ടാകരുത്. ഇവ കൂട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥ ദുര്‍ബലമാവും. അധികാരവികേന്ദ്രീകരണം രണ്ടു ദശകം പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുടെ അധികാര പരിധികള്‍ വ്യക്തമായി പുനര്‍നിര്‍വ്വചിക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ചെറുതായതിനാല്‍ അപരന്‍മാരെ നിര്‍ത്തി ജനവിധി അട്ടിമറിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമാനവവിഭവവികസന സഹമന്ത്രി ഡോ. ശശി തരൂര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായി കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് വരണാധികാരികളുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത നഗരകാര്യ- ന്യൂനപക്ഷക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. കമ്മീഷന്‍ ഡയറക്ടറിയുടെ പ്രകാശനം കെ. മുരളീധരന്‍ എം. എല്‍.എ. നിര്‍വ്വഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, കിലാ ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റാന്റിംഗ് കൗണ്‍സല്‍ മുരളീ പുരുഷോത്തമന്‍, കമ്മീഷന്‍ സെക്രട്ടറി പി. ഗീത എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍