വിഴിഞ്ഞം തുറമുഖത്തിന്റെ ടെന്‍ഡര്‍ നടപടി ഇന്നു തുടങ്ങും

December 4, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആഗോള ടെന്‍ഡര്‍ നടപടികള്‍ക്ക് ഇന്നു തുടക്കമാകും. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനുവേണ്ടിയുള്ള വിദഗ്ധ സമിതി പാരിസ്ഥിതിക അനുമതിക്കു ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇ-ടെന്‍ഡര്‍ നടപടികള്‍ക്കു തുടക്കംകുറിക്കുന്നതെന്നു തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. ഇതോടെ ഏറെനാളായി വിവിധ ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടന്ന കേരളത്തിന്റെ വന്‍ വികസനപദ്ധതികളിലൊന്നിനാണു പച്ചവെളിച്ചം ലഭിച്ചത്.

തുറമുഖത്തിന്റെ നിര്‍മാണത്തിനു കരാറുകാരെ തെരഞ്ഞെടുക്കുന്നതിനുള്ള റിക്വസ്റ് ഫോര്‍ ക്വാളിഫിക്കേഷന്‍ നടപടികള്‍ക്കാണ് ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിടുന്നത്. വിദഗ്ധ സമിതി ശിപാര്‍ശ ചെയ്താല്‍ ഇനി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശ പിന്നാലെയെത്തും. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ പരിസ്ഥിതി മന്ത്രാലയം അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണു വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നത്.

ഇതോടൊപ്പം പദ്ധതിയുടെ ഫണ്ടിംഗ് ആരംഭിക്കുന്നതിനായി കേന്ദ്രത്തിന് അപേക്ഷ നല്‍കും. ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിര്‍മാണത്തിനും സ്വകാര്യ പങ്കാളിയെ കണ്െടത്തുന്നതിനുമുള്ള ടെന്‍ഡര്‍ ആരംഭിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 18,000 ടിഇയു ശേഷിയുള്ള കപ്പലുകള്‍ തുറമുഖത്ത് അടുപ്പിച്ചു ചരക്കുനീക്കം നടത്താനാകും. ഇന്ത്യയിലെ ഒരു തുറമുഖത്തും ഈ സൌകര്യം നിലവിലില്ല. ഇവിടങ്ങളില്‍ പരമാവധി 9,000 ടിഇയു ശേഷിയുള്ള കപ്പലുകള്‍ മാത്രമേ എത്തിക്കാനാകൂ. കൊളംബോ തുറമുഖത്തു മാത്രമാണു വിഴിഞ്ഞത്തിനു സമാനമായ ശേഷിയുള്ള കപ്പലുകള്‍ എത്തിക്കാന്‍ കഴിയുന്നതെന്നു കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടത്തിനാണ് ഇപ്പോള്‍ അനുമതി ലഭിക്കുന്നത്. 5,000 കോടി രൂപയാണ് ഒന്നാംഘട്ട നിര്‍മാണത്തിനു പ്രതീക്ഷിക്കുന്നത്. ഇതില്‍ 16,00 കോടിയോളം രൂപ സംസ്ഥാനം ചെലവഴിക്കേണ്ടതുണ്ട്. 300 കോടി രൂപയുടെ ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. ബോണ്ട് വിതരണവും ഹഡ്കോ വായ്പയും വേണ്ടിവരും.  ബ്രേക്ക് വാട്ടര്‍ പദ്ധതിക്കും മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിനായുള്ള ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മാണത്തിനുമാണു തുക വിനിയോഗിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം, പ്രദേശവാസികളുടെ കുടിവെള്ള പദ്ധതി, നിലവിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം പരി

സ്ഥിതി പരിപാലനം എന്നിവയെല്ലാം തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായുണ്ട്. നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകും.  ഇനി 10 മുതല്‍ 12 ഏക്കര്‍ സ്ഥലം മാത്രമാണ് ഏറ്റെടുക്കാനുള്ളത്. ഇപ്പോള്‍ ഏറ്റെടുത്ത സ്ഥലങ്ങള്‍ക്കിടയിലാണ് ഈ സ്ഥലങ്ങളുള്ളത്. റെയില്‍പ്പാതയുടെ സര്‍വേ പൂര്‍ത്തിയായെങ്കിലും അലൈന്‍മെന്റ് പൂര്‍ത്തിയായിട്ടില്ല. നേവിയുടെയും കോസ്റ് ഗാര്‍ഡിന്റെയും യൂണിറ്റുകളുമെത്തും. ഇവരില്‍നിന്ന് 600 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി കെ.ബാബുവും കേന്ദ്രസഹമന്ത്രി ശശിതരൂരും പറഞ്ഞു. 1996 ലാണു വിഴിഞ്ഞം രാജ്യന്തര തുറമുഖ നിര്‍മാണ ചര്‍ച്ച ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍