2 ജി സ്‌പെക്‌ട്രം: അന്വേഷണ മേല്‍നോട്ടം സുപ്രീംകോടതിക്ക്‌

December 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതി കേസ്‌ അന്വേഷണത്തിനു സുപ്രീം കോടതി മേല്‍നോട്ടം വഹിക്കും. സിബിഐ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം. പ്രാഥമിക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ ഫെബ്രുവരി പത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
കേസില്‍ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനും അന്വേഷണം തുടരാമെന്നും വിവിധ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരസ്‌പരം കൈമാറണമെന്നും കോടതി പറഞ്ഞു. സ്‌പെക്‌ട്രം ലൈസന്‍സ്‌ വിതരണം ചെയ്‌തതില്‍ പ്രഥമ ദൃഷ്‌ട്യാ അഴിമതിയുണ്ടെന്നു കോടതി നിരീക്ഷിച്ചു. ഇതു വളരെ ഗൗരവമേറിയ വിഷയമാണെന്നു വിലയിരുത്തിയ കോടതി 2001 മുതലുള്ള സ്‌പെക്‌ട്രം വിതരണത്തെയാണ്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.
ആദായനികുതി വകുപ്പ്‌ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ സിബിഐക്കു കൈമാറണമെന്നു ജസ്‌റ്റിസ്‌ ജി.കെ.സിങ്‌വി ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകള്‍ ടെലികോം കമ്പനികള്‍ക്ക്‌ അനധികൃതമായി ലോണ്‍ നല്‍കിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. സെന്റര്‍ ഫോര്‍ പബ്ലിക്‌ ഇന്ററസ്‌റ്റ്‌ ലിറ്റിഗേഷന്‍ എന്ന സംഘടനയാണു 2ജി സ്‌പെക്‌ട്രം കേസില്‍ സുപ്രീംകോടതി മേല്‍നോട്ടം ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്‌.
കേസില്‍ സുപ്രീം കോടതി മേല്‍നോട്ടം വഹിക്കുന്നതിനോട്‌ എതിര്‍പ്പില്ലെന്നു സിബിഐയും കേന്ദ്ര സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ മേല്‍നോട്ടം വഹിക്കുന്നതു കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറാണ്‌. എന്നാല്‍ ആരോപണ വിധേയനായ സാഹചര്യത്തില്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പി.ജെ.തോമസ്‌ കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌ ഉചിതമല്ലെന്നു കോടതി നേരത്തേ വ്യക്‌തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം