ശബരിമലയില്‍ കര്‍മ്മനിരതരായി കേരളപോലീസും അഗ്നിശമനസേനയും

December 4, 2013 കേരളം

ശബരിമല:   പമ്പമുതല്‍ സന്നിധാനം വരെ അയ്യപ്പഭക്തര്‍ക്ക് തുണയേകാന്‍ കേരളപോലീസ് ഇമ ചിമ്മാതെ കാവലുണ്ട്. പതിനെട്ടാം പടിയില്‍ ഭക്തരെ കൈപിടിച്ച് കയറ്റുന്നതും കേരളപോലീസിന്റെ ചുമതലയാണ്. ശബരിമല ഡ്യൂട്ടിയില്‍ ഏറെ ശ്രമകരവും അവിശ്രമവുമായ ജോലിയാണ് പതിനെട്ടാം പടിയിലേത്. ദിവസം 90 പേരെയാണ് പതിനെട്ടാം പടിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 30 പേര്‍ വീതമുള്ള മൂന്ന് ഗ്രൂപ്പായി ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഡ്യൂട്ടി. 4 മണിക്കൂര്‍ ഊഴം വെച്ച് ഷിഫ്റ്റ് മാറും. 30 പേരുള്ള ഓരോ സംഘവും പതിനഞ്ചു പേര്‍ വീതം വിഭജിച്ചു ഇരുപതു മിനിട്ട് വീതമാണ് ഓരോ ഷിഫ്റ്റിലും സേവനം ചെയ്യുക. ഇത്തരത്തില്‍ മുപ്പതു പേരുള്ള സംഘം രണ്ടായി തിരിഞ്ഞാണ് പതിനെട്ടാം പടിയില്‍ നില്‍ക്കുന്നത്. പതിനെട്ടാം പടിയിലെ സേവനം അനുഷ്ഠിക്കുന്ന എ ഗ്രൂപ്പ് വിഭാഗം തിരുവനന്തപുരം എസ്.എ.പി. യില്‍ നിന്നുള്ള പോലീസ് ഉദേ്യാഗസ്ഥര്‍ ആണ്. ബി വിഭാഗത്തില്‍ തൃശ്ശൂര്‍ കെ എ പി ഫസ്റ്റ് ബറ്റാലിയനും സി  വിഭാഗത്തില്‍ കണ്ണൂര്‍ കെ എ പി നാലാം ബറ്റാലിയനും നിലവില്‍ സേവനം അനുഷ്ഠിക്കുന്നു. നിലവില്‍ ഒരു മിനിറ്റില്‍ നൂറോളം ഭക്തജനങ്ങളെ പതിനെട്ടാം പടി കയറാന്‍ പോലീസ് അയ്യപ്പന്‍മാര്‍ സഹായിക്കുന്നുണ്ട്. കണ്ണൂര്‍ കെ എ പി നാലാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ടി പി ശ്യാം സുന്ദറിനാണ് പതിനെട്ടാം പടിയിലെ പോലീസ് സേവനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല.
സന്നിധാനത്ത് സംസ്ഥാന പോലീസിന്റെതായി 16 ഡിവൈഎസ്പിമാരുടെയും 29 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും ഉള്‍പ്പെടെ 1350 പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ട്. പമ്പയില്‍ എട്ട് ഡിവൈഎസ്പിമാരുടെയും 14 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരും സേവനത്തിനായി ഉണ്ട്.

അടിയന്തിരഘട്ടങ്ങളില്‍ ഇടപെടാനും രക്ഷാപ്രവര്‍ത്തനം നടത്താനും സുസജ്ജമായി അഗ്നിശമനസേനാ വിഭാഗത്തിന്റെ സേവനം സന്നിധാനത്തും പമ്പയിലും തീര്‍ത്ഥാടകര്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. നാല്‍പ്പത്തി അഞ്ചുഉദേ്യാഗസ്ഥരും അഞ്ച് ഓഫീസര്‍മാരുമാണ് അഗ്നിശമനസേനയില്‍ സന്നിധാനത്ത് നിലവില്‍ ഉള്ളത്.
7 ഡ്യൂട്ടി പോയിന്റുകളിലായി അറുപത്തി അഞ്ച് ഉദ്യോഗസ്ഥര്‍ പമ്പയില്‍ അഗ്നിശമനസേനയുടെ സേവനം നല്‍കുന്നു. സന്നിധാനത്ത് പ്രധാന ഓഫീസ് കൂടാതെ എട്ടു ഡ്യൂട്ടി പോയിന്റുകള്‍ അഗ്നിശമന സേനയ്ക്ക് ഉണ്ട്. സന്നിധാനത്ത് പ്രസാദകൗണ്ടര്‍, നടപ്പന്തല്‍, ഭസ്മക്കൂളം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിലാണ് അഗ്നിശമന സേനയുടെ ഡ്യൂട്ടി പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പോയിന്റില്‍ അഞ്ച് ഉദേ്യാഗസ്ഥര്‍ വീതമാണുള്ളത്. ഒരു ലീഡിംഗ് ഫയര്‍മാനാണ് ഓരോ ഡ്യൂട്ടി പോയിന്റുകളുടെയും ചുമതല വഹിക്കുന്നത്.

എല്ലാ ദിവസവും തീര്‍ത്ഥാടകര്‍ വഴുതി വീഴാതിരിക്കാന്‍ നെയ്യുടെ സാന്നിധ്യമുള്ള സോപാനത്തിന്റെ പരിസരങ്ങളും, മാളികപ്പുറവും അഗ്നിശമനസേന വൃത്തിയാക്കുന്നു. സന്നിധാനത്ത് ആഴിയിലെ അഗ്നി പടരാതെ നിയന്ത്രിക്കുന്നതും അഗ്നിശമനസേനയാണ്. നടപ്പന്തല്‍,പ്രസാദ കൗണ്ടറുകള്‍ എന്നിവയുടെ പരിസരങ്ങളും പൊടികൂടുമ്പോള്‍ വെള്ളം ഉപയോഗിച്ചു വൃത്തിയാക്കുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി എല്ലാ ആധുനിക രക്ഷാ ഉപകരണങ്ങളും അഗ്നിശമനസേന സജ്ജീകരിച്ചിട്ടുണ്ട്. എമര്‍ജന്‍സി ലൈറ്റിംഗ് സിസ്റ്റം, ചെയിന്‍സോ, ഡെലിവറി ഹോസ്, പ്രതേ്യക നോസിലുകള്‍, ഫ്‌ലോട്ട് പമ്പ്, ജലസാന്നിധ്യം ഉള്ളിടത്ത് ഉപയോഗിക്കാനായി ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, വിവിധതരം റോപ്പ്, സ്‌ട്രെക്ച്ചര്‍, ഫയര്‍ എക്‌സ്റ്റിംഗ്ക്യൂഷണറുകള്‍, അത്യാധുനികമായ വാട്ടര്‍മിസ്റ്റ്, തീ പ്രതിരോധിക്കുന്ന ഫയര്‍ എന്‍ട്രി സ്യൂട്ടുകള്‍, ഓയിലുപോലെ ഉള്ള ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പ്രതിരോധിക്കാനായി ഫോം കോംപൗണ്ടുകള്‍, പവര്‍ അസന്‍ഡെര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ അഗ്നിശമനസേന സജ്ജീകരിച്ചിട്ടുണ്ട്.

സന്നിധാനത്ത് അഗ്നിശമനസേനയുടെ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ എം ജി രാജേഷും പമ്പയില്‍ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ റ്റി. രജീഷും ആണ് അഗ്നിശമനസേനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം