അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോക്കള്‍ അറവുശാലയിലേയ്ക്ക് എന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ക്ഷേത്രോപദേശക സമിതി

December 5, 2013 കേരളം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഗോശാലയിലെ ഗോക്കളെ അറവുശാലയിലേക്ക് കടത്തുന്നുവെന്ന് സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ക്ഷേത്രോപദേശക സമിതി. ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പ്രായം ചെന്ന പശുക്കളെ സ്ഥലവാസികളായ ഭക്തജനങ്ങള്‍ക്ക് ഉടമ്പടി പ്രകാരം സൌജന്യമായി നല്‍കാനും കാളകളെ ബോര്‍ഡിന്റെ നിലയ്ക്കലുള്ള ഗോശാലയിലേക്ക് അയയ്ക്കാനും ഉപദേശക സമിതി മുന്‍കൈ എടുത്തിരുന്നു. ക്ഷേത്രത്തിലെ ഗോശാലയിലേക്ക് പുതിയ പശുക്കളെ വാങ്ങുന്നതിനായി ദേവസ്വം അംഗം മുന്‍കൈ എടുത്ത് നടപടി ക്രമങ്ങള്‍ സ്വീകരിച്ച് വന്നിട്ടുള്ളതാണ്. കഴിഞ്ഞ 30ന് ഗോശാലയിലെ എട്ടുകാളകളെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പ്രകാരം രണ്ടു ലോറികളിലായി നിലയ്ക്കല്‍ എത്തിച്ചിരുന്നു. ഇവ ഏറ്റുവാങ്ങിയതായി കാട്ടി നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റ് ഓഫീസര്‍ രസീത് നല്‍കുകയും ചെയ്തിട്ടുണ്ട്. പശുക്കളെ സംരക്ഷിക്കുന്നതിനും പ്രസവിച്ചുകഴിഞ്ഞാല്‍ പാല്‍ ക്ഷേത്രത്തിലെ പാല്‍പ്പായസത്തിനായി നല്‍കാനും തയാറുള്ളവരില്‍ നിന്ന് അപേക്ഷകള്‍ നിലവില്‍ ദേവസ്വം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഗോശാലയില്‍ പശുക്കളെ നന്നായി സംരക്ഷിച്ചുവരുന്നതായും ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ പറ ഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം