രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തിരിതെളിയും

December 5, 2013 കേരളം

തിരുവനന്തപുരം: പതിനെട്ടാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തിരിതെളിയും. വൈകുന്നേരം ആറിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യുമെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബോളിവുഡ് നടി ശബാന ആസ്മി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എംഎല്‍എ, നടി മഞ്ജു വാര്യര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ചലച്ചിത്രമേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സോറയ്ക്കു മുഖ്യമന്ത്രി സമ്മാനിക്കും.

64 രാജ്യങ്ങളില്‍ നിന്നെത്തുന്ന 211 സിനിമകളാണ് 12 തിയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗങ്ങള്‍ ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. രണ്ടു മലയാള സിനിമകളാണ് മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ദൃശ്യങ്ങളുടെ ഗുണനിലവാരം മികച്ചതാക്കാന്‍ തിയറ്ററുകളില്‍ ടുകെ പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9000 ത്തിലധികം ഡെലിഗേറ്റുകളും വിദേശങ്ങളില്‍ നിന്നെത്തുന്ന 70 പ്രതിനിധികള്‍ ഉള്‍പ്പെടെ 120 ഓളം അതിഥികളും 1200 ഓളം മാധ്യമപ്രവര്‍ത്തകരുമാണ് ഇക്കുറി മേളയില്‍ പങ്കെടുക്കാനെത്തുന്നത്. ഡെലിഗേറ്റുകള്‍ക്ക് മുന്‍കൂട്ടി സീറ്റു റിസര്‍വ് ചെയ്യാനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റിവല്‍ ഓട്ടോകള്‍ക്ക് പുറമെ വനിത ഡെലിഗേറ്റുകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ ഷീ ടാക്സി, പിങ്ക് ഓട്ടോ സര്‍വീസുകളും ഇക്കുറി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്ക് സുവര്‍ണ ചകോരവും 15 ലക്ഷം രൂപയുമാണു പുരസ്കാരം. മേളയിലെ മികച്ച സംവിധായകന് രജത ചകോരവും നാലു ലക്ഷം രൂപയും അടങ്ങുന്ന പുരസ്കാരവും പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച സിനിമയ്ക്കു രണ്ടു ലക്ഷം രൂപയുടെ പുരസ്കാരവും ലഭിക്കും. മെക്സിക്കന്‍ സംവിധായകന്‍ ആര്‍ത്രോ റിപ്സ്റെയിന്‍ ചെയര്‍മാനായ ജൂറിയാണ് മത്സരവിഭഗത്തിലെ മികച്ച സിനിമകള്‍ കണ്െടത്തുക.

ആറു മുതല്‍ 13 വരെ നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തില്‍ സൌത്ത് കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. സമാപനത്തിനു മൂന്നു ദിവസം മുമ്പ് തലസ്ഥാനത്തെത്തുന്ന കിം കി ഡുക്കിന്റെ സാന്നിധ്യം ഇക്കുറി സിനിമാപ്രേമികള്‍ക്ക് വേറിട്ട അനുഭവമാകും. തെക്കന്‍ കൊറിയയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കിമ്മിന്റെ പുതിയ സിനിമയായ മോബിയസ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട് .

നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മേളയുടെ കാറ്റലോഗും ഫെസ്റിവല്‍ ബുള്ളറ്റിനും പ്രകാശനം ചെയ്യും. ഉദ്ഘാടനത്തിനു ശേഷം ഇന്ത്യന്‍ സിനിമയുടെ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക കലാപരിപാടി അരങ്ങേറും. തുടര്‍ന്ന് ലോകപ്രശസ്ത ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായി സംവിധാനം ചെയ്ത സിനിമ അന അറേബ്യ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമ ഇസ്രയേല്‍-പലസ്തീന്‍ രാഷ്ട്രീയമാണു ചര്‍ച്ച ചെയ്യുന്നത്.

വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, ഫെസ്റിവല്‍ ആര്‍ട്ടിസ്റിക് ഡയറക്ടര്‍ ബീനാ പോള്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം