ശബരിമല സന്നിധാനത്തും പമ്പയിലും സുരക്ഷ ശക്തമാക്കി

December 5, 2013 കേരളം

ശബരിമല: അയോദ്ധ്യയിലെ തര്‍ക്കമന്ദിരം പൊളിച്ചതിന്‍റെ വാര്‍ഷികദിനമായ ഡിസംബര്‍ 6ന് ശബരിമല സന്നിധാനത്തും പമ്പയിലും സുരക്ഷ ശക്തമാക്കി. പതിനെട്ടാംപടി, കൊടിമരം എന്നിവിടങ്ങള്‍ പൂര്‍ണമായും കേന്ദ്രസേനയുടെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്. വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളെ ശ്രീകോവിലിനു ചുറ്റും വിന്യസിപ്പിച്ചിട്ടുണ്ട്. ശബരിമലയിലേക്കെത്തുന്ന മുഴുവന്‍ തീര്‍ഥാടകരെയും കര്‍ശനമായ പരിശോധനകള്‍ക്കുശേഷമേ കയറ്റിവിടുകയുള്ളൂ.

കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകളും സ്കാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പരിശോധനകള്‍ നടക്കുന്നത്. കേരള പോലീസിനെയും ആര്‍എഎഫിനെയും എന്‍ഡിആര്‍എഫിനെയും കൂടാതെ കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ 150ല്‍പരം പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഷാഡോ പോലീസിന്റെ സേവനവും ശബരിമലയില്‍ പ്രയോജനപ്പെടുത്തുണ്ട്. സന്നിധാനത്തു ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന നിര്‍ദേശവും നല്‍കി. പുല്ലുമേട്ടില്‍നിന്നു സന്നിധാനത്തേക്കുള്ള വഴിയിലും സുരക്ഷ ശക്തമാക്കി.

കൂടതല്‍ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള എഡിജിപി എ.ഹേമചന്ദ്രന്‍ ഇന്നും നാളെയും സന്നിധാനത്തു ക്യാമ്പു ചെയ്തു പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും. സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതെയായിരിക്കും പരിശോധനകളെന്ന് പോലീസ് ചീഫ് കണ്‍ട്രോളര്‍ പി. ഉണ്ണിരാജ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം