ചക്കുളത്തുകാവ് പൊങ്കാല 15ന്

December 5, 2013 ക്ഷേത്രവിശേഷങ്ങള്‍

കൊച്ചി: ചക്കുളത്തുകാവു ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 15ന്. രാവിലെ ഒമ്പതിന് മുംബൈ ധീരുഭായി അംബാനി ട്രസ്റ് ചെയര്‍പേഴ്സണ്‍ നിത അംബാനി പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പുലര്‍ച്ചെ നാലിന് ഗണപതിഹോമം, നിര്‍മാല്യദര്‍ശനം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ഥന എന്നിവയ്ക്കുശേഷമാണ് പൊങ്കാലയിടല്‍ നടത്തുന്നതെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പൊങ്കാലയുടെ നടത്തിപ്പിന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് തോമസ് ചാണ്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ.ആര്‍. പ്രതാപചന്ദ്ര വര്‍മ, മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, യുഎന്‍ വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ.സി.വി. ആനന്ദബോസ് എന്നിവര്‍ പങ്കെടുക്കും.

പൊങ്കാല നടത്തിപ്പ് സുഗമമാക്കുന്നതിന് വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ പതിനായിരത്തിലധികം ക്ഷേത്ര വോളണ്ടിയേഴ്സ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭക്തര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും സുരക്ഷയും ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനും പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തും. ഭക്ഷണവും ചികിത്സയും സൌജന്യമായി ലഭ്യമാക്കും. ക്ഷേത്രത്തിലെ പന്ത്രണ്ടു നോമ്പ് ഉത്സവം 16ന് ആരംഭിക്കും. 20ന് നടക്കുന്ന നാരീപൂജയില്‍ നടി മഞ്ജുവാര്യര്‍ പങ്കെടുക്കും. കലശവും തിരുവാഭരണ ഘോഷയാത്രയും 26ന് നടക്കും. പന്ത്രണ്ടു നോമ്പ് 27ന് അവസാനിക്കും.

പത്രസമ്മേളനത്തില്‍ രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, ജയസൂര്യ, പി.ഡി.കുട്ടപ്പന്‍, സന്തോഷ് ഗോകുലം എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍