ശബരിമല: അമിത വില, അളവുതൂക്ക വെട്ടിപ്പ് 5.76 ലക്ഷം രൂപ പിഴ ഈടാക്കി

December 5, 2013 കേരളം

ശബരിമല: സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ ശക്തമാക്കി. ശബരിമല മണ്ഡലകാലം ആരംഭിച്ച ശേഷം ലീഗല്‍ മെട്രോളജി സ്ക്വാഡുകള്‍ ഡിസംബര്‍ മൂന്ന് വരെ നടത്തിയ പരിശോധനകളില്‍ 198 കേസുകളിലായി 5.76 ലക്ഷം രൂപ പിഴ ഈടാക്കിയതായി ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 98 കേസുകളിലായി 3,88,500 രൂപയാണ് പിഴ ഈടാക്കിയത്. സന്നിധാനത്ത് മുദ്ര വയ്ക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാതിരുന്നതിനും 30 കേസുകളിലായി 34000 രൂപയും, അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചതിന് 18 കേസുകളിലായി ഒരു ലക്ഷം രൂപയും, അമിത വില ഈടാക്കിയതിന് 14 കേസുകളിലായി 28000 രൂപയും അടക്കം 69 കേസുകളിലായി 2.15 ലക്ഷം രൂപ പിഴ ഈടാക്കി. പമ്പയില്‍ 71 കേസുകളിലായി 1.79 ലക്ഷം രൂപയും, നിലയ്ക്കലില്‍ 16 കേസുകളിലായി 34000 രൂപയും, ഔട്ടര്‍ പമ്പയില്‍ 42 കേസുകളിലായി 1.48 ലക്ഷം രൂപയും പിഴ ഈടാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം