ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് മണ്ണ് സംരക്ഷണം അത്യന്താപേക്ഷിതം-മന്ത്രി കെ.പി. മോഹനന്‍

December 5, 2013 പ്രധാന വാര്‍ത്തകള്‍

കോട്ടയം: ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ മണ്ണ് സംരക്ഷണം അത്യന്താ പേക്ഷിതമാണെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി ‘കാലാവസ്ഥാ വ്യതിയാനവും സമഗ്ര മണ്ണ് പരിപാലനത്തിന്റെ പ്രസക്തിയും’ എന്ന സംസ്ഥാനതല ഏകദിനശില്‍പ്പശാല കോട്ടയം ഡി.സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ മണ്ണ് ഫലഭൂയിഷ്ടമായിരിക്കണം. കാലഘട്ടത്തിന്റെ ആവശ്യം മണ്ണിനെക്കുറിച്ചറിയലാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ മണ്ണിലെ മൂലകങ്ങളെക്കുറിച്ചും അറിയണം. ആ മൂലകങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നും നാം ഈ സാഹചര്യത്തില്‍ ആലോചിക്കേണ്ടതുണ്ട്. പഴയ കാലത്തേക്ക് തിരിച്ചുപോകാനാകില്ലെങ്കിലും നാം ജീവിക്കുന്ന മണ്ണിന്റെ ജൈവഗുണങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തെ 2016 ഓടെ സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാക്കാനാണ് ഉദ്ദേശിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ അതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കാസര്‍ഗോഡ് കാറ്റില്‍ ഫാമിന്റെ പ്രവര്‍ത്തനത്തിനുള്ള നടപടികളായിക്കൊണ്ടിരിക്കുകയാണ്. പഴയ കാര്‍ഷിക-സാംസ്‌കാരികബോധം ഉള്‍ക്കൊണ്ട് കുട്ടികള്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യവിതരണവും വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വ്വഹിച്ചു. 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ശില്‍പ്പശാല പ്രബന്ധ സമാഹാരത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ അജിത് കുമാര്‍ നിര്‍വ്വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, കൗണ്‍സിലര്‍ സിന്‍സി പാറേല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ജെ. ഗീത, മണ്ണ് പര്യവേക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. പി.എന്‍. പ്രേമചന്ദ്രന്‍, ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലോകത്താകമാനം കാണപ്പെടുന്ന മണ്ണിനങ്ങളെ പന്ത്രണ്ടായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. അതില്‍ എട്ടിനങ്ങളും കേരളത്തിലാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലുള്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സോയില്‍ മ്യൂസിയം തിരുവനന്തപുരം പാറോട്ടുകോണത്ത് താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍