നെല്‍സണ്‍ മണ്ടേല അന്തരിച്ചു

December 6, 2013 പ്രധാന വാര്‍ത്തകള്‍

Mandela-pbജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ  മുന്‍പ്രസിഡന്റും നൊബേല്‍ സമ്മാനജേതാവുമായ നെല്‍സന്‍ മണ്ടേല (95) അന്തരിച്ചു. ജോഹന്നാസ്ബര്‍ഗിലെ വീട്ടില്‍ പ്രാദേശിക സമയം 8.50 നായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി വിവിധ അസുഖങ്ങള്‍ മൂലം വിശ്രമജീവിതം നയിച്ചിരുന്ന മണ്ടേല 1999ല്‍ ആഫ്രിക്കന്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം അപൂര്‍വമായാണ് പൊതുവേദികളില്‍ എത്താറുള്ളത്. 2010ല്‍ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിലാണ് മണ്ടേല അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. 1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയിലെ മ്വേസോയില്‍, തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്. തുടക്കത്തില്‍ അക്രമസമരമാര്‍ഗങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ആരംഭിക്കുന്നതിനു നേതൃത്വം നല്‍കി. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു നടത്തിയ ആദ്യജനാധിപത്യ തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ട് നേടി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. നെല്‍സണ്‍ മണ്ടേല കറുത്തവര്‍ഗക്കാരനായ ആദ്യദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1994 മുതല്‍ 1999 വരെയുള്ള അഞ്ചു വര്‍ഷം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിച്ച മണ്ടേല സ്ഥാനം ഒഴിയുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ഒരുയുഗത്തിനു അവസാനമാകുകയായിരുന്നു. 1993ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം മണ്ടേലയെ തേടിയെത്തി. 1990ല്‍ ഭാരത രത്ന പുരസ്കാരം നല്‍കി ഇന്ത്യ മണ്ടേലയെ ആദരിച്ചിരുന്നു. ഭാരതരത്ന പുരസ്കാരം നേടുന്ന ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു മണ്ടേല. മഹാത്മാഗാന്ധിയുടെ അഹിംസ സമരമുറകള്‍ മണ്ടേലയെ സ്വാധീനിച്ചിരുന്നു. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ സത്യാഗ്രഹം ആരംഭിച്ചതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2007 ജനുവരി 29, 30 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ മണ്േടലയും സന്നിഹിതനായിരുന്നു. 2009 നവംബറില്‍ യു. എന്‍. പൊതുസഭ നെല്‍സണ്‍ മണ്േടലയുടെ ജന്മദിവസമായ ജൂലൈ 18, ലോകജനതയുടെ സ്വാതന്ത്യ്രത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. 1960 മാര്‍ച്ച് 21നു ഷാര്‍പ്പ്വില്‍ കൂട്ടക്കൊല നടന്നതുവരെ, വര്‍ണവിവേചനത്തിനെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അവലംബിച്ചുവന്ന അഹിംസയിലൂന്നിയ സമരമുറകളായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ മണ്ടേല അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാര്‍ഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വര്‍ഷത്തോളമാണ് മണ്ടേല ജയില്‍വാസം അനുഭവിച്ചത്. ഇക്കാലത്ത് യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്റെ വിദൂരപഠന പരിപാടിയിലൂടെ ബാച്ചിലര്‍ ഓഫ് ലോ ബിരുദം കരസ്ഥമാക്കി. തടവുജീവിതം മണ്ടേലയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. മണ്ടേലയുടെ ജീവചരിത്രം ‘ലോങ് വാക് റ്റു ഫ്രീഡം’ 1994ല്‍ പ്രസിദ്ധീകരിച്ചു. ജയിലില്‍ കിടക്കുന്ന കാലത്തുതന്നെ ഇതിനുവേണ്ടിയുള്ള ജോലികള്‍ മണ്ടേല തുടങ്ങിയിരുന്നു. ഷാര്‍പ്വില്‍ കൂട്ടക്കൊലകേസില്‍ 1964ല്‍ ജീവപര്യന്തം തടവുലഭിച്ച മണ്ടേല റോബന്‍ ദ്വീപ് ജയിലില്‍ എത്തി. റോബന്‍ ജയിലിലെ ജീവിതമാണ് മണ്ടേലയെ കടുത്ത ശ്വാസകോശ രോഗത്തിനു അടിമയാക്കിയത്. ഈ കാലയളവില്‍ ക്ഷയരോഗവും മണ്ടേലക്കു ബാധിച്ചിരുന്നു. പൊതുജീവിതത്തില്‍ ഏറെ തിളങ്ങിയെങ്കിലും വ്യക്തി ജീവിതത്തില്‍ നെല്‍സന്‍ മണ്ടേല പരാജയമായിരുന്നു. മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക് ആറു മക്കളും 17 ചെറുമക്കളുമുണ്ട്.

1943 ഒക്ടോബറിലായിരുന്നു ആദ്യവിവാഹം. ജോഹന്നാസ്ബര്‍ഗില്‍വച്ച് പരിചയപ്പെട്ട ഈവ്ലില്‍ ന്ടോക്കോ ആയിരുന്നു ആദ്യഭാര്യ 13 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യബന്ധത്തില്‍ ഇവര്‍ക്കു നാലു കുട്ടികള്‍ ജനിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ 1957ല്‍ ഇരുവരും പിരിഞ്ഞു. പിന്നീട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനിടെ പരിചയപ്പെട്ട ജോഹന്നാസ്ബര്‍ഗിലെ കറുത്തവര്‍ഗക്കാരിയായ ആദ്യസാമൂഹ്യപ്രവര്‍ത്തക വിന്നീ മദിക്കസേലയെ ജീവിതപങ്കാളിയാക്കി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ജനിച്ചു. മണ്ടേലയോടൊപ്പം വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ വിന്നിയും സജീവസാനിധ്യമായിരുന്നു. എന്നാല്‍ രാഷ്ട്രീയപരമായ ചില വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 1992 ഫെബ്രുവരി മുതല്‍ പിരിഞ്ഞു താമസിച്ച ഇവര്‍ 1996 മാര്‍ച്ചില്‍ വിവാഹമോചിതരായി. 1998ല്‍ 80-ാം ജന്മദിനത്തില്‍ മണ്ടേല വീണ്ടും വിവാഹിതനാവുകയായിരുന്നു. മൊസാംബിക്കിലെ പ്രസിഡന്റും 1986ല്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതുമായ സമോറ മാകേലിന്റെ വിധവയായ ഗ്രേക്കാ മാഷേല്‍ നീ സിംബൈനെയാണ് മണ്ടേലയുടെ മൂന്നാമത്തെ ഭാര്യ.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍