18-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും

December 6, 2013 കേരളം

തിരുവനന്തപുരം: കേരളത്തിന്റെ 18-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. ഔപചാരിക ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ലോകസിനിമ വിഭാഗത്തില്‍ മെക്‌സിക്കന്‍ ചിത്രമായ സോ മച്ച് വാട്ടര്‍ ആണ് മേളയുടെ ആദ്യ പ്രദര്‍ശന ചിത്രം.

ആദ്യ ദിനത്തില്‍ മൂന്ന് വിഭാഗങ്ങളിലായി 26 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ പത്തൊമ്പതും കണ്ടമ്പററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കേഴ്‌സില്‍ നിന്ന് നാലു സിനിമകളും ഇന്ന് ആസ്വാദകര്‍ക്ക് മുന്നിലെത്തും. ലാറ്റിനമേരിക്കന്‍ സമാന്തര സിനിമകളെ പ്രതിനിധീകരിക്കുന്ന സ്ട്രീറ്റ് ഫിലിം മേക്കിംഗ് വിഭാഗത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ടാകും.

ഈ മാസം 13 വരെ നീളുന്ന മേളയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മത്സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങളാണ് മേളയിലുള്ളത്.

കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയം ഉള്‍പ്പെടെ കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, എന്നിങ്ങനെ 11 വേദികളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത്തവണ മേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകളുടെ എണ്ണം കണക്കിലെടുത്ത് അജന്താ തിയേറ്ററില്‍ കൂടി പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആകെ 12 വേദികളിലാണ് ഇത്തവണ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം