ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെ. മുരളീധരന്‍

December 6, 2013 കേരളം

K.Muraleedharanതിരുവനന്തപുരം : ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകും. തിരുവഞ്ചൂരിന് മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു. ടിപി വധക്കേസിലെ പ്രതികളുടെ ജയില്‍ ചട്ടലംഘനം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

 അതേസമയം ആഭ്യന്തര മന്ത്രി കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് വയലാര്‍ രവി പറഞ്ഞു. ജയില്‍വകുപ്പിന്റെ കാര്യത്തില്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തണം. തടവുകാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് അവരുടെ രാഷ്ട്രീയബന്ധം മൂലമാണെന്നും വയലാര്‍ രവി പറഞ്ഞു. ജയില്‍ ചട്ടലംഘനത്തില്‍ ആഭ്യന്തരമന്ത്രിക്കും ജയില്‍ വകുപ്പിനും വീഴ്ചപറ്റിയെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും ആവശ്യപ്പെട്ടു.

ടി പി വധക്കേസ് പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എം സി അനൂപ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ജയിലില്‍ മൊബൈല്‍ ഫോണുകളും ഫേസ്ബുക്കും ഉപയോഗിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം