തീരസംരക്ഷണത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ സി-404 കമ്മീഷന്‍ ചെയ്തു

December 6, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ തീരസംരക്ഷണത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ കൂടി നീരണിഞ്ഞു.  ഇന്റര്‍ സെപ്റ്റര്‍ ബോട്ട്‌സ് വിഭാഗത്തില്‍പ്പെട്ട കപ്പലായ സി-404 ഇന്ന് വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് കേന്ദ്രത്തില്‍ കമ്മീഷന്‍ ചെയ്തു. കേരള തീരത്ത് കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നാം നിരീക്ഷണ കപ്പലാണിത്.

ബേപ്പൂരിലാണ് സി-404ന്റെ സേവനം ലഭ്യമാകുക. ബേപ്പൂരിലും വിഴിഞ്ഞത്തും നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റേതായി ഓരോ നിരീക്ഷണക്കപ്പല്‍ വീതമുണ്ട്. മാര്‍ച്ചില്‍ പുതിയൊരു നിരീക്ഷണ കപ്പല്‍ കൂടി വിഴിഞ്ഞത്തെത്തുന്നതോടെ കേരള തീരത്തുള്ളവയുടെ എണ്ണം നാലാവും.

കള്ളക്കടത്തുകാരുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചതായി വാര്‍ത്തകള്‍ വരുന്നതിനിടെയാണ് കടല്‍നിരീക്ഷണം കൂടുതല്‍ ശക്തമാക്കി കോസ്റ്റ് ഗാര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ആധുനിക കടല്‍ നിരീക്ഷണ സംവിധാനങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളുമുള്ള പുതിയ കപ്പലില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.എന്‍.ഗമലിന്റെ നേതൃത്വത്തില്‍ 11 സേനാംഗങ്ങളുണ്ട്. 29 മീറ്റര്‍ നീളവും 90 ടണ്‍ സംവഹന ശേഷിയുമുള്ള കപ്പലിന്റെ വേഗം മണിക്കൂറില്‍ 45 നോട്ടിക്കല്‍ മൈല്‍ അഥവാ 81 കിലോമീറ്ററാണ്. ആക്രമം പ്രതിരോധിക്കാനുള്ള ആയുധശേഷിയുമുണ്ട്. പുതിയ കപ്പല്‍ വന്നതോടെ മലബാര്‍ തീരത്ത് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനും കോസ്റ്റ് ഗാര്‍ഡിന്റെ ശേഷി വര്‍ദ്ധിച്ചു.

സൂറത്തിലെ ലാഴ്‌സണ്‍ ആന്‍ഡ് ട്യൂബ്രോ കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച സി-404 ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ കമ്മീഷന്‍ ചെയ്തു. കോസ്റ്റ് ഗാര്‍ഡ് പശ്ചിമ മേഖലാ കമാന്‍ഡര്‍ എസ്.പി.എസ്.ബെഹ്‌റയും സന്നിഹിതനായിരുന്നു. തിരുവനന്തപുരത്ത് കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ സ്‌ക്വാഡ്രന്‍ സ്ഥാപിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം