കെ.എഫ്.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും – ധനമന്ത്രി

December 6, 2013 കേരളം

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. കെ എഫ് സിയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ വിഹിതം ഉപയോഗിച്ച് കോര്‍പ്പസ് രൂപീകരിച്ചായിരിക്കും പെന്‍ഷന്‍ തുക സമാഹരിക്കുക.

യുവസംരംഭകര്‍ക്ക് ആവശ്യാനുസൃത സാമ്പത്തിക സഹായത്തിനായി ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കും. കെ. എഫ്.സിയില്‍ നിന്ന് പിരിഞ്ഞുപോയ ജീവനക്കാര്‍ക്കായി പോസ്റ്റ് റിട്ടയര്‍മെന്റ് ബനിഫിറ്റ് സ്‌കീം നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. വാണിജ്യ ബാങ്കുകള്‍ യുവസംരംഭകരോട് അലസ സമീപനം കാണിക്കുന്നതിനാല്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അവര്‍ക്ക് സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി സൂചിപ്പിച്ചു. കെ എഫ് സി യുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. കെഎഫ് സിയുടെ കുറഞ്ഞ പലിശ നിരക്ക് കൂടൂതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

എം എല്‍ എ മാരായ കെ മുരളീധരന്‍, എം എ വാഹിദ്, ആനത്തലവട്ടം ആനന്ദന്‍, കെ എഫ് സി മാനേജിംഗ് ഡയറക്ടര്‍ പി ജോയ് ഉമ്മന്‍, ജനറല്‍ മാനേജര്‍ എന്‍ അശോക് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം