ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനം: ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല

December 7, 2013 കേരളം

ramesh-chennithala-2കോഴക്കോട്: പരിസ്ഥിതി ലോല പ്രദേശമായ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ ഇന്നുതന്നെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചക്കിട്ടപ്പാറയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് രമേശ് ആവശ്യം ഉന്നയിച്ചത്. സ്വകാര്യ കമ്പനിക്ക് ഖനനാനുമതി നല്‍കിയ സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടോ, സംഭവത്തിനുപിന്നില്‍ രാഷ്ട്രിയ നേതാക്കളുണ്ടോ എന്നുള്ള വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും രമേശ് പറഞ്ഞു. കെപി അനില്‍ കുമാര്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ രമേശിനൊപ്പമുണ്ടായിരുന്നു. ചക്കിട്ടപ്പാറ വിവാദമായ സന്ദര്‍ഭത്തില്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ട് രമേശ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രാവിലെ 10 മണിയോടെയാണ് ചെന്നിത്തല ചക്കിട്ടപ്പാറയിലെത്തിയത്. പ്രദേശത്തെ പാറക്കെട്ടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും കാലതാമസം വരുത്താന്‍ പാടില്ലെന്നും ആരോപണങ്ങളും അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും രണ്ടര ആഴ്ചക്കാലമായി തീരുമാനമാകാതെ നീങ്ങുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ പോന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് തന്റെ സന്ദര്‍ശനമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം