അരുണ്‍കുമാറിന്റെ നിയമനം ചട്ടലംഘനമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

December 8, 2013 കേരളം

V.A.Arunkumar2തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ ഐഎച്ച്ആര്‍ഡി നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടു നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. അരുണ്‍കുമാറിനെതിരേ കേസെടുക്കണമെന്നു ശിപാര്‍ശ ചെയ്തുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ളയ്ക്കു വിജിലന്‍സ് സംഘം കൈമാറി.  വിജിലന്‍സ് ഡിവൈഎസ്പി അജിത്താണ് ഇതുസംബന്ധിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് കൈമാറിയത്. സൂക്ഷ്മപരിശോധനയ്ക്കുശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം വൈകുന്നേരമാണു റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറിയത്.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ അരുണ്‍കുമാറിനു ചട്ടം ലംഘിച്ചു നിയമനവും സ്ഥാനക്കയറ്റവും നല്‍കിയെന്ന് അന്നു പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ആരോപിച്ചിരുന്നു. പിന്നീടു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഈ വിഷയം വിവാദമാകുകയും നിയമസഭാ സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വി.ഡി. സതീശന്‍ ചെയര്‍മാനായുള്ള നിയമസഭാ സമിതി നടത്തിയ അന്വേഷണത്തിലും ക്രമക്കേടുകള്‍ നടന്നതായി തെളിഞ്ഞിരുന്നു. നിയമസഭാ സമിതിയുടെ ശിപാര്‍ശയെത്തുടര്‍ന്ന് അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം