ശബരിമല: സന്നിധാനത്തെ കുടിവെള്ള ക്ഷാമം ഉടന്‍ പരിഹരിക്കും

December 9, 2013 കേരളം

ശബരിമല: ശബരിമലയിലെ ശുദ്ധജലത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന രണ്ട് ടാങ്കുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 20 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള ടാങ്കുകളാണ് സന്നിധാനത്തെ പാണ്ടിത്താവളത്ത് നിര്‍മിക്കുന്നത്. ഒരു ടാങ്കിന് 1.35 കോടി രൂപയാണ് ചെലവഴിക്കുന്നത്. രണ്ടു ടാങ്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സന്നിധാനത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും. കുന്നാറില്‍ നിന്നുമാണ് വെള്ളം സന്നിധാനത്തെത്തിക്കുന്നത്. നിലവിലുള്ള ടാങ്കില്‍ 1.36 കോടി ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയും. പുതിയ രണ്ട് ടാങ്കുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ 1.76 കോടി ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയും. ശബരിമല മുതല്‍ നീലിമല വരെയുള്ള പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ഇതുമൂലം കഴിയുമെന്നാണ് ദേവസ്വം, മരാമത്ത് വിഭാഗം കണക്കാക്കുന്നത്. മഴക്കാലത്ത് കുന്നാറിലുള്ള അധികവെള്ളമാണ് പുതുതായി നിര്‍മിക്കുന്ന ടാങ്കുകളില്‍ ശേഖരിക്കുന്നത്. ജല അഥോറിറ്റിയുടെ നീലിമലയില്‍ നിന്നുള്ള ടാങ്കില്‍ നിന്നാണ് ഇപ്പോള്‍ വെള്ളം നീലിമലയിലും മറ്റും ഉപയോഗിക്കുന്നത്. നീലിമല ടാങ്കിലേക്ക് വെള്ളം ശേഖരിക്കുന്നതും വിതരണം നടത്തുന്നതും ജല അഥോറിറ്റി തന്നെയാണ്. ശബരിമലയിലെ ക്ഷേത്രാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതു കുന്നാറില്‍ ഗ്രാവിറ്റേഷന്‍ പ്രകാരമെത്തുന്ന ജലമാണ്. കഴിഞ്ഞ വേനല്‍കാലത്ത് ഇത്തരത്തില്‍ കുന്നാറില്‍ നിന്നെത്തുന്ന ജലത്തിന് കുറവ് സംഭവിച്ചിരുന്നു. പുതിയ രണ്ട് ടാങ്കുകളും ഈ തീര്‍ഥാടനകാലത്തു തന്നെ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നും ദേവസ്വം മരാമത്ത് അസിസ്റന്റ് എന്‍ജിനീയര്‍ സുരേഷ് ബാബു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം