സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

December 9, 2013 കേരളം

കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്. സ്ത്രീകള്‍ക്കെതിരെ പൊതു സ്ഥലങ്ങളിലുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി സംസ്ഥാന സാമൂഹ്യസേവന വകുപ്പിന്റെ പദ്ധതിയായ നിര്‍ഭയയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകരെ ദൗത്യമേല്‍പ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളെയാണ് ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തുടനീളം നടത്തുന്ന പദ്ധതിയിലൂടെ ഏതൊക്കെ പ്രദേശങ്ങളിലാണ് അക്രമങ്ങള്‍ കൂടുതലായി നടക്കുന്നതെന്ന് കണ്ടെത്താനാകും. ആദ്യഘട്ടത്തില്‍ കാവിലുംപാറ, കക്കോടി, മരുതോങ്കര, പുതുപ്പാടി എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളുടെ കൃത്യമായ വിവങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തുന്നതിന് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. സര്‍വേയ്ക്കാവശ്യമായ ഫോമുകള്‍ എല്ലാ സിഡിഎസ് കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. പരിശീലനം നേടിയ അംഗങ്ങള്‍ കുടുംബശ്രീ സംഘങ്ങളിലും അടുത്തുള്ള സംഘങ്ങളിലും എത്തിയാണ് സര്‍വേ നടത്തുന്നത്. അക്രമം നടന്നസമയം, സാഹചര്യം, സ്ഥലം തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്. ഈ മാസം പകുതിയോടുകൂടി സര്‍വേകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ അറിയിച്ചത്. സര്‍വേ ഫലങ്ങള്‍ പുറത്തുവന്നാലുടന്‍ പഞ്ചായത്തുകള്‍ തോറും ജാഗ്രത സമിതികള്‍ രൂപീകരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം