ദക്ഷിണ നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍ കൊച്ചിയില്‍ അരങ്ങേറി

December 9, 2013 കേരളം

കൊച്ചി: വിസ്മയക്കാഴ്ച്ചയൊരുക്കി ദക്ഷിണ നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍ കൊച്ചിയില്‍ അരങ്ങേറി. നേവി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഭ്യാസ പ്രകടനങ്ങള്‍ കാണാന്‍ കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എറണാകുളം രാജേന്ദ്രമൈതാനിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സന്നിഹിതരായിരുന്നു.

വൈകുന്നേരം നാലരയ്ക്കു ബാന്‍ഡ് മേളത്തോടെ ആരംഭിച്ച അഭ്യാസ പ്രകടനത്തില്‍ ആദ്യം ഐഎന്‍എസ് ഗരുഡയിലെ വിവിധ ഹെലിക്കോപ്ടറുകളുടെയും നിരീക്ഷണ വിമാനങ്ങളുടെയും ഫ്ളയിംഗ് പാസ്റാണ് നടന്നത്. ദക്ഷിണ നാവിക സേനയുടെ അഭിമാനമായ രാജ്യത്തെ ഏറ്റവും വലിയ യുദ്ധവിമാനം ടിയു വണ്‍ 42, മികച്ച ഇലക്ട്രോണിക് സംവിധാനമുള്ള സോണിക് ഹെലികോപ്ടറുകള്‍, കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്െടത്തുന്നതിനുള്ള സീക്കിംഗ് ഹെലികോപ്ടറുകള്‍ അന്തര്‍വാഹിനികളില്‍ പ്രധാന പങ്കുവഹിക്കുന്ന ചേതക് ഹെലികോപ്ടറുകള്‍ എന്നിവ ഫ്ളയിംഗ് പാസ്റില്‍ പറന്നു. അപകടത്തില്‍പ്പെടുന്നവരെ രക്ഷപെടുത്തുന്ന ഹെലികോപ്ടര്‍ പ്രകടനങ്ങളും ഇതിന്റെ ഭാഗമായുണ്ടായിരുന്നു.

തുടര്‍ന്നു സമുദ്ര നിരീക്ഷണത്തിനുള്ള ചെറുകപ്പലുകളുടെയും സ്പീഡ് ബോട്ടുകളുടെയും അഭ്യാസപ്രകടനം നടന്നു. ദക്ഷിണ നാവികസേനയുടെ അഭിമാനമായ സെയില്‍ ട്രെയിനിംഗ് ഷിപ്പ് ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് ശാരദ എന്നീ കപ്പലുകളുടെ സെയിലിംഗ് പാസ്റും ഉണ്ടായിരുന്നു. കടല്‍കൊള്ളക്കാരെ നേരിടുന്നതിനുള്ള നേവിയുടെ സംവിധാനങ്ങളുടെ പ്രകടനമായിരുന്നു അടുത്തത്. ഹെലികോപ്ടറില്‍ പറന്നിറങ്ങിയ നാവികര്‍ കായലില്‍ കിടന്ന സ്പീഡ് ബോട്ടില്‍ കയറി ശത്രുസങ്കേതം വളഞ്ഞ് അഗ്നിക്കിരയാക്കി തകര്‍ക്കുന്നതായിരുന്നു ഇത്. ഓടിക്കൊണ്ടിരിക്കുന്ന കപ്പലില്‍ ഹെലികോപ്ടര്‍ ഇറക്കുന്നതിന്റെ ഡെമോണ്‍സ്ട്രേഷനും നേവി ഭടന്‍മാര്‍ കാഴ്ചവച്ചു. കൊച്ചി കായലിന്റെ പരിമിതികള്‍ മൂലം ഹെലികോപ്ടര്‍ കപ്പലില്‍ ഇറക്കാതെ അടുത്തു കൊണ്ടുവരിക മാത്രമാണു ചെയ്തത്.

ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന അഭ്യാസ പ്രകടനങ്ങള്‍ക്കൊടുവില്‍ നവികസേനയുടെ റൈഫിള്‍ പരേഡും ബീറ്റിംഗ് റിട്രീറ്റുമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം